മുഹായിൽ- കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9.30 ന് മുഹായിൽ അസീറിൽ ഏതാനും വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ചികിത്സയിലായിരുന്ന 37 കാരനായ ഫിലിപ്പിനോ വംശജൻ ഇന്നലെ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ വർധിച്ചത്. ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഏതാനും വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ 74 കാരനായ സ്വദേശിയും 48 കാരനായ ഒരു പാക്കിസ്ഥാനിയും മരിച്ചിരുന്നു. പരിക്കേറ്റ മുഹായിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ രണ്ട് പേരിൽ ഒരാളായ 52 കാരനായ ഈജിപ്ഷ്യൻ ഇപ്പോഴും ചികിത്സയിലാണ്.

അപകട വിവരം അറിഞ്ഞയുടൻ മൂന്ന് രക്ഷാദൗത്യസംഘങ്ങളെ നിയോഗിച്ചിരുന്നതായി അസീർ പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റി വക്താവ് അഹ്മദ് അൽമഈ പറഞ്ഞു. ട്രക്കിന് ബ്രേക്ക് പ്രവർത്തനം നിലച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






