ഫെയ്‌സ്ബുക്ക് വഴി ചികില്‍സാ സഹായം തേടി 35 ലക്ഷം രൂപ തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്- ഫെയ്‌സ്ബുക്ക് വഴി ചികില്‍സാ സഹായം തേടി 35 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി ചെറിയടം വീട്ടില്‍ മന്‍സൂര്‍(34), അങ്കമാലി മങ്ങാട് വീട്ടില്‍ ദിവ്യ ബാബു(24) എന്നിവരെയാണ് ചെര്‍പ്പുളേശ്ശരി പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശി മുജീബിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.
ദിവ്യയുടെ സഹോദരിക്ക് ക്യാന്‍സറാണെന്ന് പറഞ്ഞാണ് മന്‍സൂര്‍ ഫെയ്‌സ്ബുക്ക് വഴി മുജീബിനെ സമീപിച്ചത്. ഒന്നര വര്‍ഷത്തിനിടയില്‍ പല തവണകളായി 35 ലക്ഷം രൂപ താന്‍ കൈമാറിയെന്ന് മുജീബ് പറയുന്നു. ഒടുവില്‍ സംശയം തോന്നി അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മന്‍സൂറും ദിവ്യയും കഴിഞ്ഞ രണ്ടര വര്‍ഷമായി നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗര്‍ കോളനിയിലെ വാടകവീട്ടിലായിരുന്നു താമസം. ഇവര്‍ക്ക് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. ഇരുവരും നേരത്തേ പെരുമ്പാവൂരിലെ ഒരു തുണിക്കടയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. മന്‍സൂറിന്റെ പേരില്‍ എടക്കര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സമാനമായ കേസുകളുണ്ടെന്ന് ചെര്‍പ്പുളശ്ശേരി എസ്.ഐ എം.സുജിത്ത് അറിയിച്ചു. പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Latest News