വീട്ടിൽ കിടന്നുറങ്ങുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ ഭാര്യയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവ്

അബ്ദുൽ ഖാദർ.

കണ്ണൂർ- വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി റോഡിൽ തള്ളിയ കേസിൽ, ഗൂഢാലോചന കൂടി ഉൾപ്പെടുത്തി പുനരന്വേഷണത്തിന് കോടതി ഉത്തരവ്. തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുൽ ഖാദറിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ഈ ഉത്തരവ്. കൊലപാതക ഗൂഢാലോചനയിൽ ഖാദറിന്റെ ഭാര്യയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് അഡീഷണൽ ജില്ല സെഷൻസ് ജഡ്ജ് ഉത്തരവിട്ടത്.
ഈ കേസിൽ ഭാര്യ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം നൽകി, വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. പോലിസ് സമർപ്പിച്ച കുറ്റപത്രത്തിലെ പത്താം പ്രതിയായ, അബ്ദുൽ ഖാദറിന്റെ ഭാര്യ കെ.ഷെരീഫയ്ക്ക് വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കാണിച്ച് പരിയാരം സ്‌റ്റേഷൻ ഓഫീസർ സമർപ്പിച്ച പരാതി പരിഗണിച്ച പ്രോസിക്യുട്ടർ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് മാസങ്ങൾക്ക് മുമ്പ് അബ്ദുൽ ഖാദറിന്റെ മാതാവ് ഖദീജ, സഹോദരി ആയിഷ എന്നിവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണമാണ് ഇത്തരമൊരു വഴിത്തിരിവിലെത്തിച്ചത്. 
2017 ജനുവരി 25ന് പുലർച്ചെയാണ് പരിയാരം വായാട്ട് റോഡരുകിൽ അബ്ദുൽ ഖാദറിനെ അവശനിലയിൽ കണ്ടത്. പുലർച്ചെ പള്ളിയിൽ പോകുന്നവരാണ് ആദ്യം കണ്ടത്. അടിവസ്ത്രം മാത്രം ധരിച്ച് ദേഹമാസകലം പരിക്കുകളോടെയാണ് ഉണ്ടായിരുന്നത്. ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് പിന്നീട് പോലീസ് എത്തിയപ്പോഴേക്കും അബ്ദുൽ ഖാദർ മരിച്ചു. ശരീരത്തിൽ 45 ഓളം സ്ഥലങ്ങളിൽ മാരകമായ പരിക്കുകളുണ്ടായിരുന്നു.  തലേന്ന് അർധരാത്രി ബക്കളത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അബ്ദുൽ ഖാദറിനെ ചിലരെത്തി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയും അഞ്ച് മണിക്കൂറുകളോളം നീണ്ട മർദ്ദനത്തിൽ മൃതപ്രായനാക്കി വഴിയരികിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പരിയാരം പോലീസ്, കോരൻപീടിക സ്വദേശികളായ നൗഷാദ്, നവാസ്, ലത്തീഫ് എന്നിവരടക്കം ആറുപേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. കേസിൽ ഖാദറിന്റെ ഭാര്യ ഷരീഫയെ പത്താം പ്രതിയാക്കി.
      നേരിയ മാനസിക അസ്വാസ്ഥ്യമുള്ള ഖാദർ, ചില മോഷണ കേസുകളിൽ പ്രതിയായിരുന്നു. പോലീസിനേയും ഫയർഫോഴ്‌സിനേയും ഫോൺ ചെയ്ത് കബളിപ്പിക്കൽ പതിവായിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ ക്വട്ടേഷൻ നൽകിയാണ് മർദ്ദിച്ചതെന്നാണ് വിവരം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് പിൻബലം. അന്വേഷണത്തിന്റെ ഭാഗമായി ഖാദറിന്റെ ഭാര്യ ഷെരീഫയെ ഉടൻ ചോദ്യം ചെയ്യും.
 

Latest News