Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

പാരാമെഡിക്കൽ: മൂന്ന് സ്ഥാപനങ്ങളിലേക്ക് ഒരു എൻട്രൻസ്,  ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ്  റിസർച്ച് (കട്ടക്), നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത), നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് മൾട്ടിപ്പിൾ  ഡിസേബിലിറ്റീസ് (ചെന്നൈ)  എന്നീ സ്ഥാപനങ്ങളിലെ ഫിസിയോ തെറാപ്പി (ബി.പി.ടി), ഒക്യുപേഷണൽതെറാപ്പി (ബി.ഒ.ടി), പ്രോസ്തറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് (ബി.പി.ഒ) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് സ്ഥാപനങ്ങളിലും നാല് വർഷം ദൈർഘ്യമുള്ള കോഴ്‌സും ആറു മാസത്തെ ഇന്റേൺഷിപ്പുമാണുള്ളത്. പ്രവേശന പരീക്ഷ ഉണ്ടാവും. മൂന്ന് സ്ഥാപനങ്ങളിലേയും കോഴ്‌സുകൾ യഥാക്രമം ഭുവനേശ്വറിലെ ഉത്കൽ സർവകലാശാല, വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്, ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാല എന്നിവയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.


രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷക്ക് 120 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും. മൾട്ടിപ്പിൾ ചോയ്‌സ് തരത്തിലുള്ള പരീക്ഷയിൽ ജനറൽ എബിലിറ്റി ആൻഡ്  ജനറൽ നോളജ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് എന്നിവയിൽ നിന്നായി 100 ചോദ്യങ്ങൾഉണ്ടാകും. നെഗറ്റീവ് മാർക്ക് ഇല്ല.  ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചവർക്ക് ബി.പി.ടി., ബി.ഒ.ടി പ്രോഗ്രാമുകൾക്കും ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് പഠിച്ചവർക്ക് ബി.പി.ഒ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. +2 ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കാം. 
കോഴിക്കോട് അടക്കം 21  പരീക്ഷാകേന്ദ്രങ്ങളുണ്ട്. http://www.svnirtar.nic.in/ എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 14 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ സ്ഥാപങ്ങളിലെയും ഫീസ് വിവരം, മറ്റു വിശദവിവരങ്ങൾ എന്നിവ വെബ്‌സൈറ്റിലുണ്ട്.

 

സിഫ്‌നെറ്റിലെ കോഴ്‌സുകൾക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

സിഫ്‌നെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെന്റർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് നടത്തുന്ന നാലു വർഷത്തെ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. മത്സ്യബന്ധന രീതികൾ, നോട്ടിക്കൽ സയൻസ്, മത്സ്യബന്ധന ബോട്ടുകളുടെ പ്രവർത്തനം, പരിപാലനം എന്നിവയെക്കുറിച്ച ആഴത്തിലുള്ള അറിവ് പകരാൻ ഈ കോഴ്‌സ് സഹായകമാവും. 

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്‌സ് മത്സ്യ ബന്ധന മേഖലയിൽ വൈദഗ്ധ്യമുള്ള ആളുകളെ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഭാരത സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുണ്ട് 45 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. +2ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രത്യേക പ്രവേശന പരീക്ഷയില്ല. +2 മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം

വെസൽ നാവിഗേറ്റർ/മറൈൻ ഫിറ്റർ

40 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിച്ചവർക്ക് വെസൽ നാവിഗേറ്റർ/മറൈൻ ഫിറ്റർ കോഴ്‌സിനു അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. രണ്ടുവർഷം (നാല് സെമസ്റ്ററുകൾ). ഡയറക്ടർ ജനറൽ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയ്‌നിങ് (DGET) അനുമതിയോടെ NCVTയു ക്രാഫ്ട്മാൻ ട്രെയ്‌നിങ് സ്‌കീമിന്റെ ഭാഗമായാണ് കോഴ്‌സ് നടത്തുന്നത്. സിഫ്‌നെറ്റ് കൊച്ചിക്ക് പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും കോഴ്‌സ് ലഭ്യമാണ്. പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പൻറ് ലഭിക്കും. 15,000 രൂപ വാർഷിക ഫീസ് വരും. 

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.cifnet.gov.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ  The Director, Central Institute of Fisheries Nautical and Engineering Training (CIFNET) Fine Arts Avenue, Kochi - 682016 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.

ഇഗ്‌നോ പ്രവേശനം 
ഇന്ത്യയിലെ കേന്ദ്ര ഓപ്പൺ സർവകലാശാലയായ  ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ  (ഇഗ്‌നോ) ജൂലൈ മാസം ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം. കോഴ്‌സുകളുടെയും വിഷയങ്ങളുടെയും വിശദവിവരങ്ങൾ   https://ignouiop.samarth.edu.in/ എന്ന വെബ്‌സൈറ്റിലുണ്ട്.

 


വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ തീർക്കാൻ മലയാളം ന്യൂസ് അവസരമൊരുക്കുന്നു. നിങ്ങളുടെ കരിയർ സംശയങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.കേരളത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ 

?  കേരളത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുമോ?   
സുരേഷ്, മണ്ണാർക്കാട് 

കേരളത്തിലെ ആരോഗ്യ സർവകലാശാലക്ക് കീഴിൽ നടത്തപ്പെടുന്ന പാരാമെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനം കഴിഞ്ഞ വർഷങ്ങളിൽ എൽ.ബി എസ് മുഖേനയാണ് നടത്തിയത്. ഇത്തവണത്തെ പ്രവേശന നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പ്രത്യേകം പ്രവേശന പരീക്ഷ ഇല്ല. പ്ലസ്ടു രണ്ടാം വർഷ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെ (പൊതുവെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി; ചിലതിന് ഇംഗ്ലീഷ് മാർക്കും പരിഗണിക്കും) മാർക്കാണ് പരിഗണിക്കുന്നത്. എന്നാൽ ഫാർമസി ഡിഗ്രി കോഴ്‌സിന് (ബി.ഫാം) പ്രവേശനം ആഗ്രഹിക്കുന്നവർ KEAM പരീക്ഷയുടെ ആദ്യ പേപ്പർ എഴുതണം. http://lbscetnre.kerala.gov.in/ എന്ന വെബ്‌സൈറ്റ് പരിശോധിച്ചാൽ പാരാമെഡിക്കൽ കോഴ്‌സുകളുടെ കഴിഞ്ഞ വർഷത്തെ അലോട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവും. 


കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലല്ലാതെ നടത്തുന്ന അമൃത ഇൻസ്റ്റിറ്റിയൂട്ടിലെ അലെയ്ഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി പ്രത്യേകം  അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട തീയതിയും വിശദ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. 
 

 

Latest News