Sorry, you need to enable JavaScript to visit this website.

യു.എസ് കാമ്പസുകളിൽ ഭക്ഷണമെത്തിക്കാൻ റഷ്യൻ റോബോട്ടുകൾ

റഷ്യൻ ടെക്‌നോളജി കമ്പനിയായ യാൻഡെക്‌സ് വികസിപ്പിച്ച സെൽഫ് ഡ്രൈവിംഗ് ഡെലിവറി റോബോട്ട്.  
റഷ്യൻ ടെക്‌നോളജി കമ്പനിയായ യാൻഡെക്‌സ് വികസിപ്പിച്ച സെൽഫ് ഡ്രൈവിംഗ് ഡെലിവറി റോബോട്ട്.  

അമേരിക്കയിലെ കോളേജ് കാമ്പസുകളിലേക്ക് വിതരണ ആവശ്യങ്ങൾക്കായി സെൽഫ് ഡ്രൈവിംഗ് ഡെലിവറി റോബോട്ടുകൾ അയക്കാനൊരുങ്ങി റഷ്യൻ ടെക്‌നോളജി കമ്പനി യാൻഡെക്‌സ്. വിദേശ വിപണികൾ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാസാവസാനത്തോടെ റോബോട്ടുകളയക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു.
അമേരിക്കയിലെ കുത്തക വിതരണ കമ്പനിയായ ഗ്രബ്ഹബുമായി ചേർന്നാണ് 250 കോളേജ് കാമ്പസുകളിലേക്ക് സെൽഫ് ഡ്രൈവിംഗ് റോവേഴ്‌സുകൾ അയക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളിലേക്ക് തങ്ങളുടെ സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി വ്യപിപ്പിക്കുമെന്ന് യാൻഡെക്‌സ് സെൽഫ് ഡ്രൈവിംഗ് ഗ്രൂപ്പ് സി.ഇ.ഇ ഡിമിട്രി പോളിഷ്ചുക് പറഞ്ഞു.

യാൻഡെക്‌സുമായി ചേർന്ന് ഭക്ഷണ വിതരണത്തിൽ കോളേജ് വിദ്യാർഥികളുടെ അനുഭവം തന്നെ മാറ്റിമറിക്കാനാകുമെന്ന് ഗ്രബ്ഹബ് കോർപറേറ്റ് വൈസ് പ്രസിഡന്റ് ബ്രയാൻ മഡിഗാൻ പറഞ്ഞു.
പല കോളേജ് കാമ്പസുകളിലും കാറോടിക്കുക പ്രയാസമാണെന്നും അത്തരം സ്ഥലങ്ങളിൽ യാൻഡെക്‌സ് റോബോട്ടുകൾ ഫലപ്രദമാകുമെന്നും സാധാരണ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിലും റോബോട്ടുകൾക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2020 മുതൽ റഷ്യയിൽ തങ്ങളുടെ സെൽഫ് ഡ്രൈവിംഗ് റോവറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ മിഷിഗണിലെ ആൻ ആർബർ റസ്റ്റോറന്റിൽനിന്ന് ഓർഡറുകൾ എത്തിക്കുന്നുണ്ടെന്നും യാൻഡെക്‌സ് പ്രസ്താവനയിൽ പറഞ്ഞു. 


ഫ്രാൻസിൽ ഗ്രോസറി വിതരണം വർഷാവസാനത്തോടെ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലണ്ടനിലും യാൻഡെക്‌സ് റോബോട്ട് ഡെലിവറി ആരംഭിക്കുന്നുണ്ട്. റഷ്യയിൽ സെർച്ച് എൻജിൻ എന്ന നിലയിൽ ആരംഭിച്ച യാൻഡെക്‌സ് പിന്നീട് ഫുഡ് ഡെലിവറി ടാക്‌സി സർവീസുകളിലേക്ക് കൂടി നീങ്ങുകയായിരുന്നു. റഷ്യൻ ഗൂഗിൾ എന്ന പേരിൽ അറിയപ്പെടുന്ന യാൻഡെക്‌സ് ചില യൂറോപ്യൻ രാജ്യങ്ങളിൽ ടാക്‌സി സർവീസ് മേഖലയിലടക്കം സജീവമാണ്.

 

Latest News