Sorry, you need to enable JavaScript to visit this website.

ഹോങ്കോങിലും ടെക്കി ഭീമന്മാർക്ക് ഭീഷണി

  • സിറ്റി വിടേണ്ടിവരുമെന്ന മുന്നറിയിപ്പ് തള്ളി ചീഫ് എക്‌സിക്യുട്ടീവ് 

പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ടു പോയാൽ ഹോങ്കോങ് വിടേണ്ടിവരുമെന്ന ടെക്‌നോളജി വമ്പന്മാരുടെ മുന്നറിയിപ്പ് തള്ളി അധികൃതർ. പുതിയ നയങ്ങളുമായി മുന്നോട്ടു പോയാൽ ഹോങ്കോങ് വിടേണ്ടിവരുമെന്ന് ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. 

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പബ്ലിഷ് ചെയ്യുന്നതും അത് മറ്റുള്ളവർ അവരെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ഡോക്‌സിങ് തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ഹോങ്കോങ് അധികൃതർ വിശദീകരിക്കുന്നു. 


ഉപയോക്താക്കളുടെ ഉള്ളടക്കത്തന്റെ പേരിൽ കമ്പനികൾ ഉത്തരവാദിത്തമേൽക്കെണ്ടിവരുമെന്നും ജീവനക്കാർ വിചാരണ നേരിടേണ്ടി വരുമെന്നാണ് ടെക്ക് കമ്പനികളുടെ ഭയം. 
ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ആപ്പിൾ തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്ന ഏഷ്യ ഇന്റർനെറ്റ് സഖ്യം ഇതുസംബന്ധിച്ച് ഹോങ്കോങ് സർക്കാരിന് എഴുതിയ കത്തിൽ തങ്ങളുടെ ആശങ്ക വിശദീകരിച്ചിട്ടുണ്ട്. വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അന്താരാഷ്ട്ര ചട്ടങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് നിർദിഷ്ട നിയമത്തെ കുറിച്ച് കമ്പനികൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹോങ്കോങിൽ നിക്ഷേപിക്കുന്നതും സേവനങ്ങൾ നൽകുന്നതും ഒഴിവാക്കുക മാത്രമാണ് തങ്ങൾക്കു മുന്നിലുളള വഴിയെന്നും വ്യാപാര തടസ്സങ്ങളായി പുതിയ നിയമങ്ങൾ മാറുമെന്നും കമ്പനികൾ കത്തിൽ വിശദീകരിച്ചു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ്  കാരി ലാം പറഞ്ഞു. നിയമവിരുദ്ധമായ ഡോക്‌സിംഗിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പ്രൈവസി കമ്മീഷണർമാർക്ക് അധികാരം നൽകുകയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ചൈന ഹോങ്കോങിൽ അടിച്ചേൽപിച്ച ദേശീയ സുരക്ഷാ നിയമത്തിനു സമാനമെന്നാണ് പുതിയ ഡാറ്റാ പ്രൈവസി അധികാരത്തെ ലാം വിശേഷിപ്പിച്ചത്. സുരക്ഷാ നിയമത്തെ അപകീർത്തിപ്പെടുത്തിയതു പോലുള്ള ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ സ്വകാര്യതാ നിയമത്തിനെതിരെയും നടക്കുന്നതെന്ന് അവർ പറഞ്ഞു.


2019 ലെ അക്രമാസക്ത ജനാധിപത്യ പ്രക്ഷോഭത്തിനുശേഷമാണ് വിമത ശബ്ദം അടിച്ചമർത്തുന്ന ദേശീയ സുരക്ഷാ നിയമം ചൈന ഹോങ്കോങിൽ നടപ്പാക്കിയത്. 
2019 ൽ രാഷ്ട്രീയ കലാപവേളയിൽ ഡോക്‌സിംഗ് വലിയ പ്രശ്‌നമായി മാറിയിരുന്നു. പോലീസ്, ജഡ്ജിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ സ്വകാര്യ വിവരങ്ങൾ ജനാധിപത്യാനുകൂലികൾ പോസ്റ്റ് ചെയ്തിരുന്നു. ജനാധിപത്യത്തെ പിന്തുണക്കുന്നവരുടെ വിവരങ്ങൾ ചൈനാ അനുകൂലികളും കൈമാറി. പുതിയ നിയമപ്രകാരം വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് കുറ്റകൃത്യമാക്കി മാറ്റാനാകുമെന്നാണ് കമ്പനികൾ പറയുന്നത്. തീർത്തും അനുചിതമായ ഒരു നിയമ നിർമാണമാണിതെന്നും കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക കേന്ദ്രമായ ഹോങ്കോങിന്റെ സ്ഥിരതക്ക് വേണ്ടിയാണ് തങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ചൈന അവകാശപ്പെടുന്നു. 

 

Latest News