ഇസ്ലാമാബാദ് -രണ്ട് ബില്യൺ ഡോളറിന്റെ വൻ സാമ്പത്തിക സഹായം നിർത്തിവച്ച അമേരിക്കൻ നടപടിക്ക് മറുപടിയായി പാക്കിസ്ഥാൻ അമേരിക്കയ്ക്കു നൽകിയിരുന്ന എല്ലാ രഹസ്യാന്വേഷണ, സൈനിക സഹായങ്ങളും അവസാനിപ്പിച്ചു. ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം പാക് പ്രതിരോധമന്ത്രി പറഞ്ഞതെന്ന് പാക് പത്രമായ ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇത് പാക്കിസ്ഥാന്റെ ഔദ്യോഗിക നിലപാടാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഇസ്ലാമാബാദിലെ യു.എസ് എംബസി വാർത്ത നിഷേധിച്ചിട്ടുണ്ട്.
അഫ്ഗാൻ കേന്ദ്രീകൃത ഭീകരസംഘടനകളെ സഹായിക്കുകയും അവർക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് പാക്കിസ്ഥാനുള്ള സഹായങ്ങൾ അവസാനിപ്പിച്ചത്. യു.എസുമായി ഉറച്ചസ്വരത്തിലുള്ള ഒരു ചർച്ചയുടെ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഖുർറം ദസ്തഗിർ ഖാൻ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൽ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞതായി ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
'ഇന്റലിജൻസ് രംഗത്തും സൈനിക രംഗത്തും ഉണ്ടായിരുന്ന വിശാലമായ സഹകരണം നാം നിർത്തിവച്ചിട്ടുണ്ട്. പാക്കിസ്ഥാന് ലഭിക്കുന്ന യുഎസ് സൈനിക സഹായത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. പ്രായോഗിക തലത്തിലുള്ള ചർച്ചകൾക്ക് തുടർച്ച ഉണ്ടാകാതെ യുഎസുമായി ഉന്നത തല ചർച്ച കൊണ്ട് ഗുണമില്ല,' അദ്ദേഹം പറഞ്ഞു. സഹായം നിർത്തലാക്കിയത് യുഎസിനെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം ഖുർറം ഖാൻ വ്യക്തമാക്കിയില്ല.
അതേസമയം, പാക്കിസ്ഥാൻ യു.എസിനു നൽകി വരുന്ന സഹായങ്ങൾ അവസാനിപ്പിച്ചതായി യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുഎസ് എംബസി അറിയിച്ചു.