Sorry, you need to enable JavaScript to visit this website.

ടിപിആര്‍ കുറയ്ക്കാന്‍ ശക്തമായ നടപടി വേണം;  കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെ എത്തിക്കണം. എത്രയും വേഗം നടപടികള്‍ സ്വീകരിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശം നല്‍കി. കേന്ദ്ര നിര്‍ദേശം വന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനിടയില്ല.
4 ആഴ്ചയായി കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജൂലൈ 4 വരെയുള്ള കണക്കെടുത്താല്‍ ടെസ്റ്റ് പോസിറ്റിവിറ്റി 10.3 ശതമാനത്തില്‍ നില്‍ക്കുന്നത് ഗൗരവകരമാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. അവസാന 4 ആഴ്ചയിലെ കണക്കു പരിശോധിച്ചാല്‍ രണ്ട് ജില്ലകളിലെങ്കിലും രോഗം വര്‍ധിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പുതിയ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 13 മുതല്‍ ജൂലൈ 4 വരെയുള്ള കണക്കനുസരിച്ച് കൊല്ലം, വയനാട് ജില്ലകളില്‍ മരണസംഖ്യ ഉയര്‍ന്നു. തൃശൂരിലും മലപ്പുറത്തും ഒരു ആഴ്ച എഴുപതിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തിരുവനന്തപുരത്ത് മരണനിരക്കു കുറയുന്നുണ്ടെങ്കിലും ജൂണ്‍ 13 മുതല്‍ ജൂലൈ 4വരെ 111 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.
കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളില്‍ 100 പുതിയ കേസുകളെങ്കിലും ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെയെല്ലാം ടി പി ആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. കണ്ടെയ്ന്‍മെന്റ് ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തി ക്വറന്റൈന്‍ സംവിധാനം വര്‍ദ്ധിപ്പിക്കാനും നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടൊക്കോള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
 

Latest News