കോഴിക്കോട്- ചേവായൂര്‍ മുണ്ടിക്കല്‍ താഴത്ത് മാനസികാസ്വാഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിന് (38) വേണ്ടി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.
നിര്‍ത്തിയിട്ട ബസില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത സംഭവത്തിലാണ് മുന്‍ കൊലക്കേസ് പ്രതികൂടിയായ പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാറിനെ പോലീസ് തിരയുന്നത്. 21 കാരിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂട്ടറില്‍ കയറ്റി ബസ്സിലെത്തിച്ചാണ് രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചത്. വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ ഇന്ത്യേഷ് കുമാറിന്‍റെ സ്കൂട്ടറിലാണ് കയറ്റിക്കൊണ്ടു പോയത്. ഇവർ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ട ബസ്സില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം പ്രതി ഇന്ത്യേഷ് കുമാര്‍ ജില്ല വിട്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ സ്വന്തം സ്‌കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഇന്ത്യേഷ് കുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
സ്വാതന്ത്ര്യ ദിനത്തില്‍ ജനിച്ചതിനാലാണ് ഇന്ത്യേഷ് കുമാറെന്ന് ഇയാള്‍ക്ക് പേരിട്ടത്. 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.