ജെ.എൻ.യു വിദ്യാർത്ഥിയെ കാണാതായി

ന്യൂദൽഹി -ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) കാമ്പസിൽ നിന്ന് ഒരു വിദ്യാർത്ഥിയെ കൂടി കാണാതായി. സ്‌കൂൾ ഓഫ് ലൈഫ് സയൻസസിലെ ഗവേഷണ വിദ്യാർത്ഥി മുകുൾ ജെയ്‌നിനെയാണ് തിങ്കഴാഴ്ച മുതൽ കാണാതായത്. ദൽഹി പോലീസ് തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുകുളിനെ ലാബിൽ കണ്ടവരുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 12.30ന് ക്യാമ്പസ് വിട്ടു പോകുന്നതായും വ്യക്തമായി. വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ സർവകലാശാല അധികൃതരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലാം നമ്പർ ഗേറ്റിലൂടെ മുകുൾ കാമ്പസിനു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

മുകുളിന്റെ മൊബൈൽ ഫോണും പഴ്‌സും ലാബിൽ നിന്ന് ലഭിച്ചു. ഗാസിയാബാദ് സ്വദേശിയായ മുകുളിന് സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിനിയോട് പ്രണയമുണ്ടായിരുന്നെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കുടുംബത്തിന്റെ കടുത്ത സമ്മർദ്ദം താങ്ങാനാവാതെ ഈ ബന്ധം മുകുൾ അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മുകുൾ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായും പറയപ്പെടുന്നു.
 

Latest News