Sorry, you need to enable JavaScript to visit this website.

അന്ന് സമരവേദിയില്‍ പൊട്ടിക്കരഞ്ഞു, ഇന്ന് യുവതിയെ തേടി നിയമന ഉത്തരവെത്തി

തിരുവനന്തപുരം- സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി സമരവേദിയില്‍ പൊട്ടിക്കരഞ്ഞ യുവതിയെ തേടി നിയമന ഉത്തരവെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ഡെന്‍സി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായാണ് ഉത്തരവ് ലഭിച്ചത്. സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവര്‍ക്കും ജോലി കിട്ടിയാലാണ് കൂടുതല്‍ സന്തോഷമെന്ന് ഡെന്‍സി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവേദിയില്‍ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ മലയാളികള്‍ ഇന്നും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെന്‍സി. റാങ്ക് ലിസ്റ്റില്‍ 497 സ്ഥാനത്തുണ്ടായിരുന്ന ഡെന്‍സിയ്ക്ക് ഇന്നലെയാണ് നിയമന ഉത്തരവ് ലഭിച്ചത്.
ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമ്മീഷനിലാണ് നിയമനം. അപ്പോയ്ന്‍മെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയൂ,' എന്നും ഡെന്‍സി പറഞ്ഞു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഡെന്‍സിക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് ഡെന്‍സി. അതിനാല്‍ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസില്‍ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
 

Latest News