Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്കിടയിലും പ്രവാസികളെ ആകർഷിച്ച്  പാർട്ടി ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് എം


കോട്ടയം- വിവാദങ്ങൾക്കിടയിലും പ്രവാസികളെയും അനുഭാവികളെയും ആകർഷിച്ച് പാർട്ടി ശക്തിപ്പെടുത്താൻ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം. പാർട്ടിയുടെ സ്ഥിരം അംഗത്വ സംവിധാനത്തിനുപുറമേ ആശയങ്ങളോടു യോജിക്കുന്നവരെയും ചേർത്ത് പാർട്ടിക്കു പുതിയ മുഖം നൽകാനാണ് നീക്കം. 

കേഡർ സംവിധാനത്തിലേക്കു മാറുന്നതിനൊപ്പം വരുത്തേണ്ട മാറ്റങ്ങൾ പാർട്ടി യോഗത്തിൽ അവതരിപ്പിച്ചു. പാർട്ടിയുടെ അടിത്തറ വിപുലമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ മലയാളികളെ വ്യവസ്ഥാപിത സംഘടനാ ചട്ടക്കൂടിന്റെ ഭാഗമാക്കാനാണ് നീക്കം. കേരള കോൺഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർക്കായി കെ.സി.എം കമ്മിറ്റി മെമ്പേഴ്സ് എന്ന നിലയിൽ പുതിയ മെമ്പർഷിപ്പ് സംവിധാനം ആരംഭിക്കുമെന്നു ജോസ് കെ. മാണി അറിയിച്ചു. ഓൺലൈനായും ഈ മെമ്പർഷിപ്പ് സൗകര്യം ലഭ്യമാകും. കേരള കോൺഗ്രസ് അനുഭാവികളായ പ്രവാസികൾക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയും. അതിനൊപ്പം സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കുന്നതിന് വൈകാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർക്കും. വിവിധ പോഷക സംഘടനകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു. സംസ്ഥാനതലത്തിൽ ഒരു അച്ചടക്കസമിതിക്ക് രൂപം നൽകും. ഇതിന്റെ വിശദാംശങ്ങൾ സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിർണായകമായ സംഭാവനയാണ് പാർട്ടി നൽകിയതെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സ്വീകരണം നൽകി. തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, പി.എം. മാത്യു, പ്രൊഫ. വി.ജെ. ജോസഫ്, എലിസബത്ത് മാമ്മൻ മത്തായി, ജേക്കബ് തോമസ് അരികുപുറം, ജോസ് ടോം, സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി തുടങ്ങിയവർ പങ്കെടുത്തു.

കെ.എം. മാണിക്കെതിരായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിരിമുറുക്കത്തിലാണ് യോഗം ചേർന്നത്. കെ.എം. മാണിയെ അപമാനിച്ചു എന്ന വികാരം പലരും യോഗത്തിൽ ഉയർത്തുകയും ചെയ്തു. നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ പരാമർശം പുറത്തുവന്നപ്പോൾ തന്നെ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി പാർട്ടി ജനറൽസെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചെങ്കിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അതിരുവിട്ട വികാരപ്രകടനം ഉണ്ടായില്ല. സർക്കാർ തലത്തിൽ നടന്ന നീക്കത്തെ തുടർന്ന് നേതാക്കളെ വിശ്വാസത്തിലെടുത്തതായിരുന്നു കാരണം. 

എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു കയർത്തു. വിവാദം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിൻ ചോദ്യങ്ങളിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. വിവാദം മാധ്യമസൃഷ്ടിയാണെന്ന നിലപാടാണ് സി.പി.എമ്മും സ്വീകരിച്ചത്. കോടതി നടപടികളെ തെറ്റായി വ്യഖ്യാനിച്ചതാണെന്ന അഭിപ്രായമാണ് ചെയർമാൻ ജോസ് കെ. മാണി മുന്നോട്ടുവെച്ചത്. കെ.എം. മാണിയെക്കുറിച്ച് എവിടെയും പരാമർശമുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയുമായുള്ള ബന്ധത്തിൽ തൽക്കാലം വിള്ളൽ വേണ്ടെന്ന നിലപാടിലായിരുന്നു നേതൃത്വം.

 

Latest News