ദമാം- ഇഖാമ ഇല്ലാത്തവര്‍ക്കും കാലാവധി കഴിഞ്ഞവര്‍ക്കും പിഴ കൂടാതെ എക്‌സിറ്റ് നല്‍കുന്ന സൗദി സര്‍ക്കാരിന്റെ ഇളവുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇന്ത്യക്കാരടക്കം നിരവധി പ്രവാസികള്‍ ഇതിനകം ഈ സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി.
ജോലിക്കായി സൗദിയില്‍ എത്തി സ്‌പോണ്‍സറോ കമ്പനിയോ ഇതുവരെ ഇഖാമ എടുത്തു നല്‍കാത്തവര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഫൈനല്‍ എക്്‌സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ഇളവുകള്‍ ഏറെ പരിമിതിയോടെയാണ് ലേബര്‍ ഓഫീസുകളില്‍നിന്ന് നടപ്പിലാക്കിയിരുന്നത്.
സാമ്പത്തിക ബാധ്യത കാരണം നൂറുകണക്കിന് കമ്പനികള്‍ അടച്ചു പൂട്ടുകയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാവാതെ കഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികളാണ് ഈ ആനുകൂല്യം പ്രയോജനപ്പെട്ടത്.
പുതിയ വിസയിലെത്തിയെങ്കിലും കമ്പനിയുടെ തകര്‍ച്ചയും മറ്റും കാരണം ഇഖാമ പോലും എടുക്കാന്‍ കഴിയാത്ത നിരവധിയാളുകള്‍ക്ക് ഇത് സഹായകമായി. ദമാം, അല്‍ കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍, ഖഫ്ജി തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നിരവധിയാളുകള്‍ക്ക് ഇത് പ്രയോജനപ്പെടുതാന്‍ സാധിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇഖാമ കാലാവധി കഴിഞ്ഞവരും, ഇഖാമ ഇതുവരെ എടുക്കാന്‍ കഴിയാതെ ബുധിമുട്ടുന്നവരും നാട്ടില്‍ പോകാനാകാതെ വിഷമിക്കുന്ന എല്ലാ പ്രവാസികളും ഈ സാഹചര്യം ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
വീട്ടുജോലിക്കാര്‍, വീട്ടുഡ്രൈവര്‍മാര്‍ തുടങ്ങിയ വിസകളിലുള്ളവര്‍ക്കും, ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവര്‍ക്കും, ഏതെങ്കിലും പോലീസ് കേസുകളില്‍പെട്ടവര്‍ക്കും (മത്‌ലൂബ്) ഒഴികെ, മറ്റുള്ള എല്ലാ അനധികൃത തൊഴിലാളികള്‍ക്കും ഈ ഇളവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിക്കുന്ന എക്‌സിറ്റ് അപേക്ഷ ഫോമുകള്‍ പൂരിപ്പുക്കുകയും അതോടൊപ്പം തന്നെ ഇന്ത്യന്‍ എംബസ്സിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും നടത്തുകയും വേണം. നേരത്തെ ഇതേ ഫോമില്‍ തന്നെ ഇന്ത്യന്‍ എംബസി അനുമതി നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഇന്ത്യന്‍ എംബസി ശുപാര്‍ശകത്ത് നല്‍കുന്നുള്ളൂ. അതാതു എംബസ്സികളില്‍നിന്ന് ലഭിക്കുന്ന കത്തും, നേരത്തെ പൂരിപ്പിച്ച എക്‌സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബര്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. കമ്പനിയുടെയും സ്‌പോണ്‍സറുടെയും കൃത്യമായ വിവരങ്ങള്‍ ലേബര്‍ ഓഫീസ് പരിശോധിക്കുകയും അതിനു ശേഷം ലേബര്‍ ഓഫിസില്‍ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സിറ്റിനു വേണ്ടിയുള്ള ടോക്കണ്‍ ലഭിക്കുകായും ചെയ്യും. ശേഷം ടോക്കണ്‍ അനുസരിച്ചു ക്രമപ്രകാരം എക്‌സിറ്റും ലഭിക്കുന്നതാണ്. നിലവില്‍ സ്‌പോണ്‍സര്‍ക്കും എക്‌സിറ്റ് അനുമതി തേടി കൊണ്ടുള്ള സന്ദേശം നല്‍കും. സ്‌പോണ്‍സറുടെ പ്രതികരണം അനുകൂലമായിരിക്കണമെന്നും നിബന്ധനയുണ്ട്.
സ്‌പോണ്‍സറുമായി പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ ബുദ്ധിമുട്ട് നേരിടുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നടപടിക്രമങ്ങള്‍ 30 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രായമായവര്‍ക്കും , ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കി പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കി വരുന്നതായും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
എക്‌സിറ്റ് ലഭിക്കുന്നവര്‍ക്ക് നാട്ടിലെത്തി പുതിയ വിസയില്‍ തിരികെ വരുന്നതിനു തടസ്സമില്ലെന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.