ബംഗാളില്‍ സുവേന്ദുവിനെ ചൊല്ലി പൊട്ടിത്തെറി; ബിജെപി എംപി പാര്‍ട്ടി പദവി രാജിവച്ചു

കൊല്‍ക്കത്ത- മാസങ്ങള്‍ക്ക് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും പ്രതിപക്ഷ നേതാവായി മാറുകയും ചെയ്ത സുവേന്ദു അധികാരിയെ ചൊല്ലി ബംഗാള്‍ ബിജെപിയില്‍ കലഹം. കേന്ദ്ര നേതാക്കളെ സുവേന്ദു തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപണം ഉന്നയിച്ച ബിജെപി എംപി സൗമിത്ര ഖാന്‍ യുവ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ചു. ബിജെപിയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് എല്ലാം സുവേന്ദു അടിച്ചെടുക്കുകയാണെന്നും സൗമിത്ര ഫെയ്‌സ്ബുക്കില്‍ പരസ്യമായി ആരോപിച്ചു. യുവ മോര്‍ച്ച അധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമപരമായ കാരണങ്ങളാലാണ് പദവി ഒഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 2018ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് സൗമിത്ര.

'ഒരു നേതാവ് നിരന്തരം ദല്‍ഹിയിലേക്ക് യാത്ര ചെയ്ത് പാര്‍ട്ടിയുടെ വിജയങ്ങളുടെ ക്രെഡിറ്റെല്ലാം അവകാശപ്പെടുകയാണ്. നിയമസഭയിലെ ഈ പ്രതിപക്ഷ നേതാവ് സ്വയം കണ്ണാടി നോക്കണം. ദല്‍ഹിയിലെ നേതാക്കളെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണ്. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാവ് താനാണെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്'- സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ സൗമിത്ര പറയുന്നു.
 

Latest News