പാർട്ടിയെ വഞ്ചിച്ച ഇളയച്ഛന്‍ കേന്ദ്രമന്ത്രിയായി, രോഷം പ്രകടിപ്പിച്ച് പാസ്വാന്‍റെ മകന്‍

പട്ന-  ബിഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവ് പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിയാക്കിയതിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍. അന്തരിച്ച രാംവിലാസ് പാസ്വാന്‍റെ സഹോദരനാണ് പശുപതി കുമാര്‍ പരസ്.

പാര്‍ട്ടിയെ വഞ്ചിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത പശുപതി പരസിനെ എല്‍ജെപിയില്‍ നിന്ന് പുറത്താക്കിയതാണെന്നും കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ചിരാഗ് ട്വീറ്റ് ചെയ്തു. 

ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാറുമായി അടുത്തബന്ധമുള്ള പശുപതി കുമാറും ചിരാഗും ഏറെക്കാലമായി ശീതയുദ്ധത്തിലായിരുന്നു. പശുപതി കുമാര്‍ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നായിരുന്നു റിപ്പോർട്ടുകള്‍.

ചിരാഗിന്റെ പല പ്രവര്‍ത്തനങ്ങളിലും പശുപതി കുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ചിരാഗ് പസ്വാന് തിരിച്ചടി നല്‍കിക്കൊണ്ട് അഞ്ച് എല്‍ജെപി  എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് ചാടിയിരുന്നു. തുടര്‍ന്ന് പശുപതി പരസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് പ്രഖ്യാപിച്ചു. നിലവില്‍ പാര്‍ട്ടിയില്‍ ശേഷിക്കുന്ന ഏക എം.പി ചിരാഗ് ആണ്.

ലോക്ജനശക്തി പാര്‍ട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പശുപതിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest News