തിരുവനന്തപുരം- എല്‍.ഡി.എഫിനും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.എം മുന്നറിയിപ്പ് നല്‍കി. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ഐ.എന്‍.എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഐ.എന്‍.എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചര്‍ച്ചക്ക് ശേഷം ഐ.എന്‍.എല്‍ നേതാക്കള്‍ പ്രതികരിച്ചു.
ഇന്ന് മൂന്ന് മണിക്കാണ് എ.കെ.ജി സെന്ററില്‍ ഐ.എന്‍.എല്‍ നേതാക്കളും എ. വിജയരാഘവനും തമ്മില്‍ ചര്‍ച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐ.എന്‍.എല്‍ നേതാക്കള്‍ വിജയരാഘവനെ അറിയിച്ചു.
ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപ കോഴ വാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കിയിരുന്നു.