Sorry, you need to enable JavaScript to visit this website.

വിജയൻ കടന്നുപിടിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ അറസ്റ്റ് ചെയ്തു, ആരോപണവുമായി മറിയം റഷീദ

തിരുവനന്തപുരം-ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിലെ പ്രതി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ എസ്. വിജയനെതിരെ ആരോപണവുമായി മറിയം റഷീദ. എസ് വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറിയം റഷീദ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മറിയം റഷീദയുടെ വെളിപ്പെടുത്തൽ.
ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് അന്ന് ചാരക്കേസിൽ പ്രതിയായ മറിയം റഷീദ ഹർജി നൽകിയത്. 

മറിയം റഷീദയുടെ പരാതിയിൽനിന്ന്:
തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഹോട്ടലിൽ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ് വിജയനെ കാണുന്നത്. രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് എസ് വിജയൻ പറഞ്ഞത്. തിരിച്ച് ഹോട്ടിൽ മുറിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ് വിജയൻ ഹോട്ടൽ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ താൻ എസ് വിജയനെ അടിക്കുകയും മുറിയിൽ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. അതിനെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസിൽ കുടുക്കുകയും ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം ഐ.ബി ഉദ്യോഗസ്ഥർ അതിക്രൂരമായ രീതിയിൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാൽ കസേരകൊണ്ട് അടിച്ച് പൊട്ടിച്ചതായും മറിയം റഷീദ ഹർജിയിൽ പറയുന്നു.
 

Latest News