പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ അകമ്പടി പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഔദ്യോഗിക അത്താഴ വിരുന്നിനിടെ വെള്ളി സ്പൂണും കത്തിയും മോഷ്ടിച്ചു. ഹോട്ടലുകാരുടെ പിടിയിലായ ഇവരിലൊരാള്‍ക്ക് 50 പൗണ്ട് പിഴ നല്‍കേണ്ടിയും വന്നു.
ബംഗാളി പത്രക്കാരുടെ ഇടയില്‍ പാട്ടായ നാണക്കേട് ഔട്ട്‌ലുക്ക് വെബ്‌സൈറ്റാണ് മാലോകരേയും അറിയിച്ചത്.
വിവിഐപി അതിഥിയോടൊപ്പം എത്തിയ മാധ്യമപ്രവര്‍ത്തകര്‍ സ്പൂണും കത്തിയും പോക്കറ്റിലാക്കുന്നത് രഹസ്യ ടിടിവിയിലൂടെ കണ്ട ആഢംബര ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ ശരിക്കും പകച്ചുപോയി.
വിരുന്ന് അലങ്കോലപ്പെടാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ അവര്‍ എടുത്ത സാധനങ്ങള്‍ അവിടെ തന്നെ വെച്ചേക്കാന്‍ പത്രക്കാരോട് രഹസ്യമായി ഉപദേശിച്ചു.
ശരിക്കും മോഷണം തുടങ്ങിയത് ഒരാളാണെങ്കിലും ഡിന്നര്‍ കഴിഞ്ഞ് കത്തിയും മുള്ളും കൊണ്ടുപോകാനുള്ളതായിരിക്കുമെന്ന് കരുതി നഷ്ടപ്പെടുത്തേണ്ടല്ലോ എന്നു കരുതിയാണ് മറ്റു ചിലര്‍ കൂടി കൊള്ളയില്‍ പങ്കാളികളായത്.
സെക്യൂരിക്കാര്‍ ഉപദേശിച്ചതോടെ മറ്റുള്ളവര്‍ എടുത്ത സാധനങ്ങള്‍ തിരികെ വെച്ചെങ്കിലും ഒരാള്‍ സമ്മതിച്ചില്ല. താനൊന്നും എടുത്തിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞ അയാള്‍ വേണമെങ്കില്‍ തന്നെ പരിശോധിച്ചോളൂ എന്നും സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞു.
അതേസമയം, ടിയാന്‍ എടുത്ത സാധനങ്ങള്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ബാഗില്‍ വെക്കുന്നതും സിസിടിവി പകര്‍ത്തിയിരുന്നു. സഹകരിക്കുന്നില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതോടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതും 50 പൗണ്ട് പിഴയടക്കാന്‍ തയാറായതും.
മമതയുടെ സംഘത്തിലുണ്ടായിരുന്ന മറ്റു മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് സ്ഥിരീകരണം ലഭിച്ചതോടെയാണ് മോഷണക്കഥ ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചത്.
പലപ്പോഴും മമതയുടെ സംഘത്തില്‍ വിദേശപര്യടനം നടത്തിയിട്ടുള്ള ഈ പത്രക്കാരന്‍ പ്രശസ്തനായ ബംഗാളി എഴുത്തുകാരന്റെ മകനാണ്. വിദേശ ഹോട്ടലുകളില്‍നിന്ന് വെള്ളി സ്പൂണുകളും കത്തികളും മറ്റും മോഷ്ടിക്കുക ഇയാളുടെ പതിവാണെന്നും പറയുന്നു. ആദ്യമായാണ് പിടിക്കപ്പെട്ടത്.
പത്രപ്രവര്‍ത്തന യോഗ്യതയില്ലാത്ത ഇദ്ദേഹം പിതാവിന്റെ ബന്ധങ്ങള്‍ മുതലെടുത്താണ് പത്രലോകത്തെത്തിയത്. ക്ലാര്‍ക്കായി ചേര്‍ന്ന ശേഷം ഇയാളുടെ സാമര്‍ഥ്യം പത്രക്കാരനാക്കുക മാത്രമല്ല, മുഖ്യമന്ത്രിയോടൊപ്പമുള്ള മാധ്യമ സംഘത്തില്‍ സ്ഥിരാംഗവുമാക്കി.