ഭിന്‍ഡ്- മധ്യപ്രദേശിലെ ഭിന്‍ഡില്‍ ഒരു പോലീസുകാരന്റെ വീട്ടില്‍ നിന്ന് പണവും ആഭരണവും കവര്‍ച്ച നടത്തിയ മോഷ്ടാവ് ക്ഷമാപണമായി എഴുതിയ കുറിപ്പ് കണ്ടെടുത്തു. സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മോഷണം നടത്താന്‍ നിര്‍ബന്ധിതനായതാണെന്നും പണം പിന്നീട് തിരിച്ചു നല്‍കുമെന്നും മോഷ്ടാവ് കുറിപ്പില്‍ എഴുതിയിരിക്കുന്നു. ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന ഒരു പോലീസ് ഓഫീസറുടെ ഭിന്‍ഡിലെ വീട്ടിലാണ് മോഷണം നടന്നത്. ക്ഷമിക്കണം സുഹൃത്തെ എന്നു പറഞ്ഞാണ് മോഷ്ടാവിന്റെ കുറിപ്പ് തുടങ്ങുന്നത്. നിവൃത്തികേട് കൊണ്ടാണ്, ഞാനിത് ചെയ്തില്ലെങ്കില്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ നഷ്ടമാകുമായിരുന്നു. പേടിക്കേണ്ട, പണം കിട്ടിയാല്‍ ഉടന്‍ തിരിച്ചുനല്‍കും- എന്നും കുറിപ്പില്‍ മോഷ്ടാവ് വ്യക്തമാക്കുന്നു.
പോലീസ് ഓഫീസറുടെ ഭാര്യയും കുട്ടികളും വീടു പൂട്ടി ജൂണ്‍ 30ന് ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. മുറികളുടെ പൂട്ടു പൊളിച്ചതായും അകത്തുള്ളതല്ലൊം വാരിവലിച്ചിട്ട നിലയിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തെ അറിയുന്നവര്‍ ആരോ നടത്തിയ മോഷണമാണെന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണ്.