Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗാളില്‍ ഉപരിസഭ രൂപീകരിക്കുന്നു; മമതയ്ക്ക് മത്സരിക്കാതെ സഭയിലെത്താനെന്ന് വിമര്‍ശനം

കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭയെ ദ്വിമണ്ഡല സംവിധാനമാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കി. ലെജിസ്ലേറ്റീവ് അസംബ്ലിക്കൊപ്പം ഉപരിസഭയായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (വിധാന്‍ പരിഷത്) കൂടി രൂപീകരിക്കാന്‍ നിയമസഭ പ്രമേയം പാസാക്കി. 256 എംഎല്‍എമാരില്‍ 196 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ 1969ല്‍ വിധാന്‍ പരിഷത്ത് പിരിച്ചുവിട്ട് ഈ സംവിധാനം നിര്‍ത്തലാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വിധാന്‍ പരിഷത്ത് പുനസ്ഥാപിക്കല്‍. 

നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തേക്കും. കേന്ദ്ര മന്ത്രിസഭയുടേയും രാഷ്ട്രപതിയുടേയും അനുമതിയോടെ മാത്രമെ വിധാന്‍ പരിഷത്ത് രൂപീകരണം സാധിക്കൂ. വിധാന്‍ പരിഷത്ത് രൂപീകരണത്തിന് നിയമസാധുത ഇല്ലെന്നും ഇത് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സഭയിലെത്താനുള്ള നീക്കമാണെന്നും പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മമതയുടെ സര്‍ക്കാരിന്റെ ഈ ശ്രമത്തോട് കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അറിയാനിരിക്കുന്നതെയുള്ളൂ. 

കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അത് വെല്ലുവിളിയാകും. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് തെരഞ്ഞെടുപ്പില്‍ തോറ്റ മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ഒക്ടോബറിനു മുമ്പായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എ ആകണം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേഗത്തില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്ന കാര്യം സംശയത്തിലാണ്. പ്രത്യേകിച്ചും കോവിഡ് വ്യാപനത്തിന് കമ്മീഷന്‍ നേരത്തെ പഴികേട്ട സാഹചര്യത്തില്‍. അതേസമയം ഉപരിസഭ രൂപീകരണം നടന്നാല്‍ മമത ബാനര്‍ജിക്ക് നാമനിര്‍ദേശത്തിലൂടെ വിധാന്‍ പരിഷത്ത് അംഗമാകാനും മുഖ്യമന്ത്രി പദവിയില്‍ തുടരാനും കഴിയും. മമത മന്ത്രിസഭയിലെ ധനമന്ത്രി അമിത് മിത്രയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് മന്ത്രി പദവി വഹിക്കുന്നത്. നിലവില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ബംഗാളില്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.
 

Latest News