Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ ഇടത്തരം വിമാനങ്ങൾക്ക്  രണ്ടു മാസത്തിനകം അനുമതി

സർവ്വീസുകൾ ജൂണിലെന്ന് സൂചന

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ഇടത്തരം വിമാന സർവ്വീസുകൾക്കുള്ള അനുമതി രണ്ടു മാസത്തിനുളളിൽ ലഭിച്ചേക്കുമെന്ന് സൂചന. അനുകൂലമായ തീരുമാനം ഡി.ജി.സി.എയിൽ നിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു. അനുമതി ലഭിച്ചാലും മൂന്ന് മാസം കഴിഞ്ഞാവും സർവ്വീസുകൾ ആരംഭിക്കുക. നിലവിൽ സൗദി എയർലൈൻസ് ജിദ്ദയിലേക്കും എമിറേറ്റ്‌സ് ദുബായിലേക്കും സർവീസ് നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.
കരിപ്പൂരിൽ നിന്ന് ഇടത്തരം വിമാനങ്ങൾ സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് അതോറിറ്റി ഡി.ജി.സി.എക്ക് കഴിഞ്ഞ ദിവസം സമഗ്ര റിപ്പോർട്ട് നൽകിയിരുന്നു. ഈ വിഷയത്തിൽ സമ്മർദം ചെലുത്താൻ മലബാറിലെ എം.പിമാർ അടുത്തയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിയെ കാണും. കരിപ്പൂരിൽ നിന്ന് ബി 777-200 ഇ.ആർ.ബി 777-200 എൽ.ആർ,എ-330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സർവീസാണ് പുനരാരംഭിക്കുക. റൺവേ നീളം കുറവായതിനാൽ വലിയ ജമ്പോ വിമാനങ്ങൾക്ക് സാധ്യമല്ലെങ്കിലും 200 മുതൽ 350 വരെ യാത്രക്കാരെ ഉൾക്കൊളളുന്ന വിമാനങ്ങൾക്ക് കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്.
ഡി.ജി.സി.എ അനുമതി ലഭിച്ചാൽ ആദ്യ ആറ് മാസക്കാലം പകലിൽ മാത്രമായിരിക്കും ഇടത്തരം വിമാനങ്ങളുടെ സർവ്വീസുണ്ടാവുക. പിന്നീട് രാത്രിയിലേക്ക് മാറ്റും. കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നിർമ്മാണ പ്രവൃത്തികൾ തുടങ്ങും. അഞ്ച് രാജ്യാന്തര കമ്പനികളാണ് പ്രവൃത്തികൾ നടത്തുന്നത്. ഇത് ജൂണിൽ പൂർത്തിയാവും. ഇതോടൊപ്പം തന്നെ വിമാനത്താവളത്തിൽ 100 കോടി ചെലവിൽ ഒരുക്കുന്ന പുതിയ ടെർമിനൽ, നിലവിലെ ടെർമിനലിൽ രണ്ട് കോടി മുടക്കിയുളള നവീകരണ പ്രവൃത്തികൾ തുടങ്ങിയവയും മെയ് മാസത്തോടെ പൂർത്തിയാകും. ഇടത്തരം വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങളും പൂർത്തിയായി വരികയാണ്. കരിപ്പൂരിൽ 2015 മെയ് ഒന്നു മുതലാണ് വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എക്ക് വിലക്ക് ഏർപ്പെടുത്തിയത്.


 

Latest News