കൊല്ലം- ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പുജീവനക്കാരനെ മർദിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കേസായി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള കൊട്ടിയം സ്വദേശി സിദ്ദീഖിന് മര്‍ദനമേറ്റത്.
സിദ്ദീഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചാണത്രെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവ് മര്‍ദിച്ചത്. പെട്രോള്‍ ടാങ്കിന്റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് യുവാവ് പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്റെ തുക സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദീഖിനെതിരെ പരാതി നല്കി. തിരികെയെത്തി ഫോണ്‍ നമ്പറും വിലാസവും ചോദിച്ചു. അത് നല്കാന് വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദീഖിനെ മര്‍ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായി സിദ്ദീഖ് പറയുന്നു.
മര്‍ദിക്കുമ്പോള്‍ സിദ്ദീഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവര്‍ പിടിച്ചുമാറ്റാന്‍ പോലും തയ്യാറാകാതെ നോക്കി നില്ക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ സമീപത്തെ യുവാക്കള്‍ സിദ്ദീഖിനെ കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകായയിരുന്നു.
മർദിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.






