ഐടി നിയമത്തിലെ റദ്ദാക്കപ്പെട്ട വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നു; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- ജനങ്ങള്‍ക്കെതിരെ അമിതാധികാരം പ്രയോഗിക്കാന്‍ അവസരമൊരുക്കിയതിനെ തുടര്‍ന്ന് ആറ് വര്‍ഷം മുമ്പ് റദ്ദാക്കപ്പെട്ട ഐടി നിയമത്തിലെ 66എ വകുപ്പ് വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പോലീസ് ആളുകള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ സുപ്രീം കോടതിക്ക് ഞെട്ടല്‍. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ആര്‍ എഫ് നിരമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ഈ വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഉണ്ടായിട്ടും സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികളും പോലീസും കോടതികളും ഈ വകുപ്പ് വ്യാപകമായി പ്രയോഗിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇവിടെ സംഭവിക്കുന്നത് അമ്പരപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് നരിമാന്‍ പ്രതികരിച്ചു. രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. പോലീസിന് സ്വന്തം നിലയില്‍ കുറ്റം നിശ്ചയിച്ച് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയിരുന്ന വകുപ്പാണ് 66എ. വലിയ നിയമ പോരാട്ടങ്ങളെ തുടര്‍ന്നാണ് സുപ്രീം കോടതി ഈ വകുപ്പ് ഐടി നിയമത്തില്‍ നിന്ന് എടുത്തുകളഞ്ഞത്. ഈ വകുപ്പു പ്രകാരം കംപ്യൂട്ടറില്‍ നിന്നോ മറ്റു ഉപകരണങ്ങളില്‍ നിന്നോ ഒരു മെസേജ് അയക്കുന്നത് പോലും മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷ ആയിരുന്നു. ഭരണഘടനാപരമായി വ്യക്തതയില്ലെന്നും ഇന്റര്‍നെറ്റിലും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും വ്യക്തമാക്കി 2015ലാണ് സുപ്രീം കോടതി ഈ വകുപ്പ് റദ്ദാക്കിയത്. 

എന്നാല്‍ 11 സംസ്ഥാനങ്ങളിലായി ഈ വകുപ്പ് ചുമത്തിയ 745 കേസുകള്‍ ജില്ലാ കോടതികളിലായി നിലവിലുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 381 കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതല്‍. യുപിയില്‍ 245 കേസുകളുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇതിലേറെ വരുമെന്നും ഇതു സംബന്ധിച്ച് പഠിക്കുന്ന സ്വതന്ത്ര ഗവേഷകര്‍ പറയുന്നു.
 

Latest News