പ്രാര്‍ഥനയും വിശ്വാസവും ഏത് അപകടത്തില്‍നിന്നും രക്ഷപ്പെടുത്തും; അനുഭവം പങ്കുവെച്ച് എം.എ.യൂസഫലി

കൊച്ചി- പ്രാര്‍ഥനകളും വിശ്വാസവും ഏത് അപകടത്തില്‍നിന്നും രക്ഷപ്പെടുത്തുമെന്ന് സ്വന്തം അനുഭവം വിവരിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു. കൊച്ചിയില്‍ താന്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത് ഭയാനകമായിരുന്നു. അദ്ഭുതകരമായ രക്ഷപ്പെടലാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി പേര്‍ തനിക്കു വേണ്ടി പ്രാര്‍ഥിച്ചതും ദൈവത്തിന്റെ കാരുണ്യവുമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്- അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ സി.എ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു യൂസഫലി.
കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ മികച്ച ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഈ പ്രതിസന്ധി കാലത്തിനപ്പുറത്തുള്ള പ്രതീക്ഷയാണ് നമുക്കു വേണ്ടത്. അറിവുള്ളവരില്‍നിന്നു പഠിക്കാന്‍ എല്ലാവരും തയാറാകണം. പുതിയ തലമുറ പഴയ തലമുറയില്‍നിന്നും പഠിക്കാന്‍ തയാറാകാതിരുന്നതാണ് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായത്. ഏതുകാലത്തെയും സ്വീകരിക്കാന്‍ തയാറാവുകയും ദൈവത്തോട് പ്രാര്‍ഥിക്കുകയുമാണ് വിജയത്തിലേക്കുള്ള മാര്‍ഗ്ഗം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ബുദ്ധിമുട്ടുന്ന ലോകത്തിന്റെ അവസ്ഥയില്‍ മാറ്റം വരുന്നതിന് എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ട്.
പ്രതിസന്ധികള്‍ മനുഷ്യരെ കൂടുതല്‍ ശക്തരാക്കും. അതുകൊണ്ടുതന്നെ ലക്ഷ്യത്തിലെത്തും. എല്ലാവരും സാധിക്കുന്ന സഹായങ്ങള്‍ ദരിദ്രര്‍ക്കും അവശര്‍ക്കും നല്‍കണം. അതു നമ്മുടെ ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് തിരിച്ചറിയണം.
1973ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റുമായി തുടക്കം കുറിച്ച തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. 57,000 പേര്‍ക്ക് ജോലി നല്‍കാനും എട്ട് ബില്യന്‍ ഡോളര്‍ ക്രയവിക്രയം നടത്താനും സാധിക്കുന്നു. മികച്ച ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം എന്നിവ കൊണ്ടാണ് ഇത് സാധിച്ചത്. വ്യക്തിത്വവും കഴിവും അളക്കുന്നത് ബാങ്ക് ബാലന്‍സ് നോക്കിയോ സ്റ്റാറ്റസ് നോക്കിയോ അല്ല. മനുഷ്യന്റെ പ്രാര്‍ഥനയാണ് അവന്റെ വ്യക്തിത്വം. ബിസിനസില്‍ മത്സരമുണ്ടാകുമെങ്കിലും എതിരാളി നശിച്ചു പോകണമെന്നല്ല ആഗ്രഹിക്കേണ്ടത്. തനിക്ക് മുന്നേറണമെന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ എറണാകുളം ശാഖാ ചെയര്‍മാന്‍ രഞ്ജിത് ആര്‍. വാരിയര്‍, ദീപ വര്‍ഗീസ്, ജോമോന്‍ കെ.ജോര്‍ജ്, ബാബു എബ്രഹാം കള്ളിവയലില്‍, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Latest News