ആലപ്പുഴ- സുപ്രീംകോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തിൽ സാമാന്യ മര്യാദയുണ്ടെങ്കില്‍ നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താൻ പോരാടുന്നത് പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ്. എംഎല്‍എമാരുടെയും എംപിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീംകോടതിയിലും പോരാട്ടം തുടരുന്നു.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൗര്‍ഭാഗ്യകരമായ സംഭവം നിയമസഭയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. മുന്‍ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചത്. കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യുഡിഎഫ് അംഗീകരിക്കുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ. മാണിയുടെ പാര്‍ട്ടി തുടരുന്നത്- അദ്ദേഹം നിലപാട് വ്യക്തമാക്കണം.
കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി സർക്കാർ നീങ്ങിയാൽ അതിനെതിരെയുള്ള പോരാട്ടവുമായി താൻ മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.