കൊച്ചി- 3500 കോടിയുടെ പദ്ധതി മാത്രമല്ല, 15,000 പേര്‍ ജോലി ചെയ്യുന്ന നിലവിലെ സ്ഥാപനം തന്നെ അവസാനിപ്പിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കിറ്റെക്‌സ് എം.ഡി. സാബു ജേക്കബ്. തന്നെ മൃഗത്തെ പോലെ പീഡിപ്പിച്ച ശേഷം കുറ്റക്കാരനാക്കാനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനം കൂടി അടക്കേണ്ടതായി വരും എന്ന ധ്വനി വ്യവസായ മന്ത്രിയുടെ വാക്കുകളിലുള്ളതായി തോന്നി. ഒരു മാസം മൃഗത്തെ പോലെ പീഡിപ്പിച്ചതിനെക്കുറിച്ച് നടപടിയുണ്ടാകാത്തതെന്താണ്? ഇതാണ് വ്യവസായ സൗഹൃദമെങ്കില്‍ എല്ലാ ആശംസകളും നേരുകയാണെന്നും സര്‍ക്കാരിനെയോ മന്ത്രിയെയോ വെല്ലുവിളിക്കാനില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
3500 കോടിയുടെ നിക്ഷേപ പദ്ധതി ഒപ്പിട്ടിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഈ പദ്ധതിക്കായി മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നിരന്തരം വിളിക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇതുവരെ ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിമാര്‍, വ്യവസായ മന്ത്രിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വാഗ്ദാനങ്ങളുമായി വിളിച്ചു. ഒരു വ്യവസായ മന്ത്രി ഒരു മണിക്കൂര്‍ സംസാരിച്ചു. ചില കടമ്പകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇതില്‍ വ്യക്തത വരൂ.
പ്രതിപക്ഷ എം.പിയുടെയും എം.എല്‍.എയുടെയും പരാതി പ്രകാരമാണ് പരിശോധന നടന്നതെന്ന് മന്ത്രി പറയുന്നു. ജൂണ്‍ 29 ന് താന്‍ പരിശോധനയെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ തന്നെ ഇക്കാര്യം പറയാമായിരുന്നില്ലേ? ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ എം.പിയും എം.എല്‍.എയും പരാതി നല്‍കിയിട്ടാണെന്ന് പറയുന്നു. എം.പിമാരും എം.എല്‍.എമാരും പ്രദേശത്തെ വ്യവസായത്തെ രക്ഷിക്കേണ്ടതിന് പകരം അതിനെതിരെ പരാതി കൊടുക്കുന്നത് കേരളത്തില്‍ മാത്രമേ നടക്കൂ. ബെന്നി ബഹന്നാന്‍ എം.പിയും ഒരു പ്രതിപക്ഷ എം.എല്‍.എയുമാണ് പരാതി കൊടുത്തതെന്ന് പറയുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച കെ. മുരളീധരനും കുഞ്ഞാലിക്കുട്ടിക്കും ഇത് അറിയില്ലായിരുന്നോ എന്ന് സാബു ജേക്കബ് ചോദിച്ചു.
തുടര്‍ച്ചയായി മിന്നല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിനെതിരെ 73 കുറ്റങ്ങള്‍ ചാര്‍ത്തിയതിനെക്കുറിച്ചും എ.ഡിയായ തന്നെ മൃഗത്തെ പോലെ പീഡിപ്പിച്ചതിനെക്കുറിച്ചും വ്യവസായമന്ത്രി മൗനം പാലിക്കുകയാണ്. 73 കുറ്റങ്ങള്‍ ചാര്‍ത്തി മെമ്മോ നല്‍കുകയും പരിശോധനയുടെ പേരില്‍ പീഡനം നടത്തുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു തനിന്ന് നടപടിയൊന്നുമില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് ഒന്നും പറയാതെ ഇനിയുള്ള പരിശോധനകളെക്കുറിച്ചാണ് മന്ത്രി പറയുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ എങ്ങനെയാണ് നടത്തതേണ്ടതെന്നതിന് മാതൃകയായി സര്‍ക്കാര്‍ ഒരു സ്ഥാപനം നടത്തിക്കാണിക്കുകയാണ് വേണ്ടത്. കിറ്റെക്‌സിനെ പോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയുണ്ട്? ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരു ടോയ്‌ലറ്റില്‍ മൂക്കടക്കാതെ കയറാന്‍ സാധിക്കുമോ? ഇവിടെ മാത്രം ഇങ്ങനെയൊക്കെ ഉണ്ടെന്ന് പറയുന്നു. തനിക്കെതിരെ ചുമത്തിയിട്ടുള്ള 73 ചാര്‍ജുകളില്‍ എന്തുകൊണ്ട് മലിന ജലം ഒഴുക്കുന്നു എന്ന ചാര്‍ജ് വരുന്നില്ലെന്ന് സാബു ജേക്കബ് ചോദിച്ചു.
മന്ത്രി തന്നെ വിളിച്ചിട്ട് എടുത്തില്ലെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല. തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ വിളിച്ചിട്ടുണ്ടെന്ന് പറയും. ഞാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ എടുക്കാതിരിക്കേണ്ട കാര്യമില്ലെന്നും സാബു ജേക്കബ് പറഞ്ഞു.