മരംകൊള്ള: എല്ലാ വകുപ്പുകളുടേയും റിപ്പോര്‍ട്ട് പ്രത്യേക സംഘം സമാഹരിക്കുന്നു

തിരുവനന്തപുരം- മരം കൊള്ള സംബന്ധിച്ചുള്ള വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ആഭ്യന്തര വകുപ്പ്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വൈകിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ്, വനം വകുപ്പ്, ക്രൈംബ്രാഞ്ച് അംഗങ്ങളാണ് മരംകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ളത്. എന്നാല്‍ ഇതിന് മുന്നേ തന്നെ വിവിധ വകുപ്പുകള്‍ പ്രത്യേകം അന്വേഷണം ആരംഭിച്ചിരുന്നു. ഇവയുടെ റിപ്പോര്‍ട്ടുകള്‍ യഥാസമയം നല്‍കാതെ വന്നതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ വകുപ്പുകളോട് നിര്‍ദ്ദേശിക്കണമെന്ന് പോലീസ് മേധാവിയോടും ആഭ്യന്തര സെക്രട്ടറിയോടും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയതിന് റവന്യൂ  വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയോടും അണ്ടര്‍ സെക്രട്ടറിയോടും അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പങ്ക് വെളിവാകുന്ന ഫയല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടരുന്നു. തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

 

 

Latest News