തിരുവനന്തപുരം- കിറ്റക്‌സിലെ പരിശോധനയുടെ പഴി കോണ്‍ഗ്രസിന് മേലിട്ട് വ്യവസായ മന്ത്രി പി. രാജീവ്. പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി.ടി. തോമസ് എം.എല്‍.എ വിഷയം നിയമസഭയില്‍ ഇന്നയിച്ചു. സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി.ടി. തോമസ് സഭയില്‍ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടര്‍ന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു.
ബെന്നി ബെഹനാന്‍ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റക്‌സുമായി ബന്ധപ്പെട്ട് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി. പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ 2021 ഫെബ്രുവരി 20 ന് ജില്ലാ കലക്ടര്‍ കുന്നത്തുനാട് തഹസില്‍ദാര്‍, എറണാകുളം റീജനല്‍ ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസില്‍ദാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
കിറ്റക്‌സിനെതിരെ തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് നിയമസഭയില്‍ 2021 ജൂണ്‍ ഒന്നിന് ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരം മലിനീകരണ നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റക്‌സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കമ്പനി പുറംതള്ളുന്ന രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്‌സ് ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതു സംബന്ധിച്ച അന്വേഷണവും നടന്നു.
കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നല്‍കാതെ കമ്പനി മാനേജ്‌മെന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു ശബ്ദസന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേക്കുറിച്ച് പരിശോധന നടത്തി.
ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്ജി നിസാറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍ പരിശോധന നടത്തി. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തി. വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ പരിശോധന നടത്തി. കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി.
കിറ്റക്‌സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി. ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പി.ടി. തോമസ് എം.എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നുവെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ് ഉന്നയിച്ചത്. കിറ്റക്‌സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.