22 കാരന്‍ അറസ്റ്റില്‍; ആറു വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയത് പീഡിപ്പിച്ച ശേഷം

 

ഇടുക്കി-വണ്ടിപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം അയല്‍വാസിയായ യുവാവ് കെട്ടിത്തൂക്കിയെന്ന് പോലിസ്.  സംഭവവുമായി ബന്ധപ്പെട്ട് ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ അര്‍ജുന്‍(22) നെ ഞായറാഴ്ച രാത്രി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചതാണെന്ന് ആദ്യം കരുതിയ കേസില്‍ പോലിസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പുറത്ത് വന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ വിവരങ്ങള്‍.
കഴിഞ്ഞ 30 നാണ് ആറ് വയസുകാരിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കള ഭാഗത്ത് പഴക്കുല തൂക്കാന്‍ ഉപയോഗിച്ചിരുന്ന കയറിന്റെ അറ്റത്തുള്ള ഹുക്ക് പോലുള്ള പ്ലാസ്റ്റിക്ക് വള്ളിയില്‍ ഷാള്‍ കെട്ടിയാണ് കുട്ടിയെ തൂക്കിയത്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടി മരിച്ചെന്ന ധാരണയിലാണ് കെട്ടിത്തൂക്കിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങിയത്. സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ജുനിലേക്ക് എത്തിച്ചേരുന്നത്. അറസ്റ്റിലായ അര്‍ജുന്‍ നാളുകളായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നെന്ന മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകം, പോക്സോ, പീഡനം വകുപ്പുകള്‍ ചുമത്തിയാണ് അര്‍ജുനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി ഡി.വൈ.എഫ്.ഐ. റെഡ് വാളന്റിയറായിരുന്നു. പീരുമേട് ഡിവൈ.എസ്.പി സനില്‍കുമാര്‍ സി.ജി, വണ്ടിപ്പെരിയാര്‍ സി.ഐ ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ ഇ.പി. ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രതിയെ കനത്ത പോലിസ് വലയത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊല നടത്തിയതടക്കമുള്ള കാര്യങ്ങള്‍ പ്രതി പോലിസിനോട് വ്യക്തമാക്കി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് വണ്ടിപ്പെരിയാര്‍ പോലിസ്.

 

 

Latest News