സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ പാർട്ടി ചിഹ്നം ഉപയോഗപ്പെടുത്തിയാൽ നടപടി- വി.ശിവദാസൻ  എം.പി

കണ്ണൂർ -  സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ പാർട്ടി കൊടിയും ചിഹ്നങ്ങളും ഉപയോഗപ്പെടുത്തിയാൽ അതിശക്തമായ നടപടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം വി.ശിവദാസൻ എം.പി പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരരാജാക്കന്മാരെ വെല്ലുംവിധം ഫാൻസ് അസോസിയേഷനുകളെ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്ന ചിലരെല്ലാം പാർട്ടിയുടെ പേരുപയോഗിച്ച് വ്യക്ത്യാരാധനയ്ക്ക് സാഹചര്യമൊരുക്കുന്നതായി കാണുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾക്കെതിരായ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ എം.വി. ജയരാജൻ ചിലരുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഇനിയും ചില പേരുകൾ പറയാനുണ്ട്. അത് ഇപ്പോൾ പറയുന്നില്ല. എല്ലാം കൃത്യമായി വെളിപ്പെടുത്തുക തന്നെ ചെയ്യും- ശിവദാസൻ പറഞ്ഞു.


സമൂഹത്തിലെ അടിസ്ഥാന വർഗത്തിന്റെ അവകാശപോരാട്ടങ്ങളുടെ ഭാഗമായി എന്നും നിലനിൽക്കും. പാർലമെന്റ് പോലും ഇപ്പോൾ ആവശ്യമുണ്ടോ എന്ന് ഗൗരവപൂർവം ആലോചിക്കുന്നിടത്തേക്കാണ് ആർ.എസ്.എസും ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും സഞ്ചരിക്കുന്നത്. ചരിത്രത്തെയും സംസ്‌ക്കാരത്തെയും നിരീക്ഷണത്തിന് വിധേയമാക്കി സ്വന്തം താൽപര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കാനാണ് അവരുടെ ശ്രമം. വിദ്വേഷം ജനിപ്പിക്കുന്ന തീവ്രദേശീയതയെ എതിർക്കുന്നവരെ രാഷ്ട്രശത്രുക്കളായി മുദ്രകുത്തുന്ന രീതി രാജ്യത്ത് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീർ മുതൽ ലക്ഷദ്വീപ് വരെ നമ്മളത് കണ്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നടക്കുന്നത് അതാണ്. സർവകലാശാലകളെ പട്ടാള ക്യാമ്പുകളാക്കുന്നതിനാണ് പുതിയ നീക്കം. 
സെന്റ് മൈക്കിൾസ് സ്‌കൂളിന് മുന്നിലെ മൈതാനം വേലി കെട്ടി അടയ്ക്കാൻ പട്ടാളം തീരുമാനിക്കുമ്പോൾ ജനതാൽപര്യം സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
ആദിവാസി കേന്ദ്രങ്ങളിൽ മികച്ച ലൈബ്രറി സംവിധാനം നടപ്പാക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നും ശിവദാസൻ പറഞ്ഞു.

 

Latest News