അബഹ - മഹായില്‍ അസീറില്‍ നിയന്ത്രണം വിട്ട ട്രെയിലര്‍ ലോറി കാറുകള്‍ക്കു മേല്‍ പാഞ്ഞുകയറി മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹായിലിലെ അല്‍ദര്‍സ് സിഗ്നലില്‍ രാവിലെ ഒമ്പതരയോടെയാണ് അപകടമെന്ന് അസീര്‍ റെഡ് ക്രസന്റ് വക്താവ് അഹ്മദ് അല്‍അല്‍മഇ പറഞ്ഞു. സിഗ്നലില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കു മേല്‍ പിന്നിലൂടെ എത്തിയാണ് ലോറി പാഞ്ഞുകയറിയത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അമിത വേഗതയില്‍ എത്തിയ ലോറി നിയന്ത്രണം വിട്ട് കാറുകളില്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകട സമയത്ത് ട്രെയിലര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിനു മുമ്പ് ലോറിയില്‍ നിന്ന് വീപ്പകള്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഇതേ കുറിച്ച് ഏതാനും കാര്‍ ഡ്രൈവര്‍മാര്‍ ഉണര്‍ത്തിയെങ്കിലും ഡ്രൈവര്‍ ഗൗനിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഒമ്പതു പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.






