കൊച്ചി- കോവിഡ് രോഗനിരക്കും ജനസംഖ്യയും കണക്കിലെടുത്ത് മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. വാക്‌സിനേഷന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ഉണ്ടെന്നും നയപരമായ തീരുമാനമുള്ളപ്പോള്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികള്‍ ഉണ്ടെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
ജില്ലയില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതില്‍ അനാസ്ഥയുണ്ടെന്നും ആശുപത്രികളില്‍ കോവിഡ് ചികില്‍സാ സൗകര്യങ്ങളുടെ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുരങ്ങാടി എം എല്‍എ കെപിഎ മജീദുള്‍പ്പടെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളാണ് ചീഫ് ജസ്റ്റീസ് എസ്. ചാലി അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നയപരമായ തീരുമാനമുള്ളപ്പോള്‍ ജനസംഖ്യാനുപാതികമായി വാക്‌സിന്‍ വിതരണം ചെയ്യണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ല. രോഗ നിരക്ക് നിരീക്ഷിച്ച് നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ എടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ വെന്റിലേറ്ററ്റും ഓക്‌സിജനുമടക്കം ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രാദേശിക തലത്തില്‍ രോഗ തീവ്രത കണക്കിലെടുത്ത് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ നടപടി കണക്കിലെടുത്ത് ഹരജികള്‍ കോടതി തീര്‍പ്പാക്കി. കോവിഡ് സാഹചര്യവുംചികില്‍സയും കണക്കിലെടുക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.