ന്യൂദല്‍ഹി- കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ഇത്തരത്തില്‍ നിസാര ഹരജികള്‍ സമര്‍പ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്ന ഹരജിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ ഹരജിക്കാരന്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശശാങ്ക് ശങ്കര്‍ ഝാ ചൂണ്ടിക്കാട്ടി. സിംഗപ്പുര്‍ വകഭേദമെന്ന പ്രയോഗം സിംഗപ്പുര്‍ വിലക്കിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കള്‍ക്ക് അറിയില്ലേ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തെ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.
അതിനിടെ, ടൂള്‍കിറ്റ് വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.






