Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ തൊഴിലും രുചിയും സമ്മാനിച്ച് വാട്ടുകപ്പയുമായി ഹോർട്ടികോർപ്

ഹോർട്ടി കോർപിന്റെ വാട്ടുകപ്പ വിപണിയിലെത്തുമ്പോൾ മലയാളികളുടെ പ്രിയ ഭക്ഷണമായ കപ്പ എളുപ്പത്തിൽ തീൻ മേശകളിലെത്താൻ സഹായിക്കുന്നുവെന്നു മാത്രമല്ല, കപ്പ കർഷകർക്ക് അത് ആശ്വാസവും തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ ദിനവുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഏതൊരു മലയാളിയെയും ഏറെ മോഹിപ്പിക്കുന്നതാണ് കപ്പയും മീനും കപ്പയും ഇറച്ചിയും. കുറഞ്ഞ വിലയിൽ പോഷകസമ്പുഷ്ടമായ ആഹാരം എന്നതാണ് ഇതിന്റെ പ്രത്യേകത. അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വളരെ കുറഞ്ഞ ചിലവിൽ ഇവ ഒരു കാലത്ത് ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ കർക്കിടകക്ഷാമത്തെ മലയാളി അതിജീവിച്ചിരുന്നത് വാട്ടുകപ്പയിലൂടെയായിരുന്നു. ക്ഷാമകാലമായ മഴക്കാലത്തേക്ക്‌വേണ്ടി മരച്ചീനി (കപ്പ) ഉണക്കി സൂക്ഷിക്കുന്നത് മുമ്പൊക്കെ പതിവായിരുന്നു. വാട്ടുകപ്പ, വെള്ളത്തിൽ തിളപ്പിച്ചൂറ്റാതെ ഉണക്കുന്ന വെള്ളകപ്പ, ഉപ്പേരികപ്പ, അവൽകപ്പ എന്നിങ്ങനെ പലതരത്തിൽ കപ്പ ഉണക്കി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ മലയാളിയുടെ ഭക്ഷണ സംസ്‌കാരം മാറിയതോടെ ഈ കപ്പ വിഭവങ്ങളൊക്കെ അപൂർവമായി. ഈ സാഹചര്യത്തിലാണ് കപ്പയെ വീണ്ടും മലയാളികളുടെ പ്രിയ ഭക്ഷണമാക്കി മാറ്റാനും അതു വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ് തീരുമാനിച്ചത്. 


സംസ്ഥാനത്ത് കപ്പ ഉൽപാദനം വർധിച്ചതോടെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മരച്ചീനി പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കി വിപണിയിലെത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നൂ. 100 ഗ്രാം വാട്ടുകപ്പയിൽ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മത്സ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടെന്നാണ് കണക്ക്. വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു നിലങ്ങളിലെല്ലാം കൃഷി വ്യാപകമാക്കിയപ്പോൾ ഏറ്റവുമധികം ഉത്പാദനം ഉണ്ടായ ഒരു വിളയാണ് മരച്ചീനി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ഡൗൺ കൂടിയായപ്പോൾ വിളവെടുത്ത കപ്പയ്ക്ക് വിപണി ലഭിക്കാതെയായി. ഈ അവസരത്തിലാണ് കൃഷി വകുപ്പിന്റെ വിപണി ഇടപെടൽ കർഷകർക്ക് ഗുണപ്രദമായത്. കൃഷിവകുപ്പ്-ഹോർട്ടികോർപിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ കപ്പ സംഭരണം കഴിഞ്ഞ മാസം തന്നെ ആരംഭിക്കുകയായിരുന്നു. സംഭരിച്ച കപ്പ പ്രത്യേക സാങ്കേതിക വിദ്യയാൽ പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കി ഹോർട്ടികോർപ് വിപണിയിൽ എത്തിച്ചിരിക്കുകയാണ്.


കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ ലഭ്യമായ തരിശുഭൂമി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് വാഴ, പച്ചക്കറി, നെല്ല്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്ത് ഭക്ഷ്യ ഉത്പാദനത്തിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. ഇതിൽ മരച്ചീനി കൃഷി താരതമ്യേന ചെലവ് കുറവാണ്. കൂടാതെ കാർഷിക പ്രവൃത്തികൾ ലളിതവുമായതിനാൽ വിസ്തൃതിയിലും ഉത്പാദനത്തിലും വൻ മുന്നേറ്റം സാധ്യമായി. സംസ്ഥാനത്ത് 13,000 ടൺ മരച്ചീനിയാണ് അധികമായി ഉൽപാദിപ്പിക്കപ്പെട്ടത്. അധിക ഉത്പാദനം വിപണനത്തിന് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ്, സംസ്ഥാന സർക്കാർ തീരുമാനിച്ച അടിസ്ഥാന വിലയായ 12 രൂപയ്ക്ക് മരച്ചീനി സംഭരിക്കാൻ ഹോർട്ടികോർപ് തീരുമാനിച്ചത്. സംഭരിച്ച മരച്ചീനി സഹകരണസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവരുടെ കൈവശമുള്ള ഉണക്ക് യന്ത്രമുപയോഗിച്ച് വാട്ടുകപ്പ ആക്കി മാറ്റുകയായിരുന്നു. ഒരു ടൺ പച്ചക്കപ്പ സംസ്‌കരിക്കുമ്പോൾ ഏകദേശം 15 തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിലെ അധിക ഉൽപാദനത്തിലൂടെ ലഭ്യമായ മുഴുവൻ മരച്ചീനിയും സംസ്‌കരിക്കുകയാണെങ്കിൽ ഈ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.


കൃഷിവകുപ്പിന്റെയും ഹോർട്ടികോർപിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ വാട്ടുകപ്പയുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും സന്നിഹിതനായിരുന്നു. കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, ഹോർട്ടികോർപ് എം.ഡി. ജെ. സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


 

Latest News