വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റുമാറാൻ കാണിച്ച ഉത്സാഹം പ്രമുഖ ഇൻഡക്‌സുകളെ പ്രതിവാര നഷ്ടത്തിലാക്കി. കോർപറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന ഫലങ്ങൾ പുറത്തു വരുന്നതോടെ കുതിപ്പിന് തിരിതെളിയുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. വാരത്തിന്റെ ആദ്യപകുതിയിൽ ബോംബെ സെൻസെക്‌സും നിഫ്റ്റിയും സർവകാല റെക്കോർഡിലേയ്ക്ക് ഉയർന്നിരുന്നു. ഈ അവസരത്തിൽ വിദേശ ഫണ്ടുകൾ ലാഭ മെടുപ്പിന് രംഗത്ത് ഇറങ്ങിയതിനാൽ സെൻസെക്‌സ് 440 പോയിന്റും നിഫ്റ്റി 138 പോയന്റും പ്രതിവാര നഷ്ടത്തിലായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിക്ക് മൂന്നാം വാരത്തിലും 15,900 ലെ പ്രതിരോധത്തിൽ കാലിടറി. ഓരോ തവണയും സൂചിക ഈ റേഞ്ചിലേയ്ക്ക് പ്രവേശിക്കുമ്പോൾ ശക്തമായ വിൽപന സമ്മർദം തിരിച്ചടിയായി.
നിഫ്റ്റി 15,860 ൽ നിന്ന് റെക്കോർഡായ 15,915.65 വരെ ഉയർന്ന വേളയിലെ വിൽപനമൂലം സൂചിക 15,635 ലേയ്ക്ക് ഇടിഞ്ഞു. മുൻ വാരം സൂചിപ്പിച്ച 15,611 ലെ സപ്പോർട്ട് നിലനിർത്താനായത് ആഭ്യന്തര ഫണ്ടുകളെ പുതിയ വിൽപനക്ക് പ്രേരിപ്പിച്ചു. ചെവാഴ്ച്ചത്തെ തകർച്ചയ്ക്ക് ഇടയിൽ ആഭ്യന്തര ഫണ്ടുകൾ 1810 കോടി രൂപയും ബുധനാഴ്ച്ച 1520 കോടി രൂപയും നിക്ഷേപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും ഓഹരി നിക്ഷേപത്തിന് തയാറായത്.
ആഭ്യന്തര ഫണ്ടുകൾ മൊത്തം 6418 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. എന്നാൽ അഞ്ചിൽ നാല് ദിവസവും വിദേശ ഫണ്ടുകൾ വിൽപനകാരായിരുന്നു, അവർ 5534 കോടി രൂപയുടെ ഓഹരികൾ വിറ്റു. ചെവാഴ്ച്ച അവർ 117 കോടിയുടെ ഓഹരികൾ വാങ്ങി. മാർക്കറ്റ് ക്ലോസിംഗിൽ 15,722 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 15,879 ലാണ് ആദ്യപ്രതിരോധം. വീണ്ടും തിരുത്തലിലൂടെ കരുത്ത് വർധിപ്പിക്കാൻ ശ്രമിച്ചാൽ 15,599-15,477 പോയന്റിൽ താങ്ങുണ്ട്.
ബോംബെ സെൻസെക്‌സ് 52,925 പോയിളിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി 53,126 വരെ ഉയർന്നു. റെക്കോർഡ് പ്രകടനത്തിനിടയിൽ വിദേശഫണ്ടുകൾ പതിവ് പോലെ ലാഭമെടുപ്പ് നടത്തിയതിനാൽ 52,177 പോയന്റിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 52,484 പോയന്റിലാണ്. ഈ വാരം 52,065 ലെ സപ്പോർട്ട് നിലനിർത്തി 53,01453, 544 പോയന്റിനെ വിപണി ഉറ്റ്‌നോക്കാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ തിരുത്തൽ 51,646 ലേയ്ക്ക് നീളാം.
മുൻനിര ഓഹരികളായ ഡോ. റെഡീസ്, സൺ ഫാർമ, എച്ച്.യു.എൽ, ആർ.ഐ.എൽ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇൻഫോസീസ്, ടി.സി. എസ്, എച്ച്.സി.എൽ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി, എം ആന്റ് എം, ബജാജ് ഓട്ടോ, എൽ ആൻറ് ടി, ഐ.റ്റി.സി എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു.
മുൻ നിരയിൽ പത്തിൽ എട്ട് കമ്പനികളുടെ വിപണി മൂല്യത്തിൽ 65,176.78 കോടി രൂപയുടെ ഇടിവ്. ആർ.ഐ.എൽ, എച്ച്.യു.എൽ എന്നിവയ്ക്ക് മാത്രം മികവ് നിലനിർത്താനായുള്ളൂ. വ്യാഴാഴ്ച ടി.സി.എസ് അവരുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിടും. രൂപയുടെ മൂല്യതകർച്ച ഐ.ടി വിഭാഗങ്ങൾക്ക് തിളക്കം പകരാം.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരിയിലെ ബാധ്യതകൾ വെട്ടികുറക്കാൻ മത്സരിച്ചതോടെ രൂപയുടെ മൂല്യം ഡോളറിന് മുന്നിൽ 74.15 ൽ നിന്ന് മുൻവാരം സൂചിപ്പിച്ച 74.72 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 74.55 ലാണ്. ഡോളർ സൂചിക മികവ് കാണിക്കുന്നത് രൂപയെ തളർത്താം. പ്രവാസികളുടെ വശത്ത് നിന്ന് വീക്ഷിച്ചാൽ വൈകാതെ വിനിമയമൂല്യം 75.4475.98 ലേക്ക് ദുർബലമാകാം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ആറാം വാരവും ഉയർന്നു. ന്യൂയോർക്കിൽ എണ്ണ വില ബാരലിന് 76.11 ഡോളറായി. സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ വർഷാന്ത്യത്തിന് മുമ്പേ ബാരലിന് 100 ഡോളറിനെ ലക്ഷ്യമാക്കി എണ്ണ വില നീങ്ങാം. ഈവാരം 74 ഡോളറിലെ സപ്പോർട്ട് നിർണായകം.