പോത്തിനേയും പശുവിനേയും തിരിച്ചറിയാത്ത ക്രിമിനലുകള്‍ക്ക് ആളെ കൊല്ലാന്‍ മുസ്‌ലിം പേര് മതി-ഉവൈസി

ന്യൂദല്‍ഹി- മുസ്‌ലിംകളേയും മറ്റു ന്യൂനപക്ഷ വിഭാഗക്കാരേയും ആള്‍ക്കൂട്ട കൊല നടത്തുന്നവര്‍ ഹിന്ദുത്വരല്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മജ്‌ലിസ് പാര്‍ട്ടി എംപി അസദുദ്ദീന്‍ ഉവൈസി. പോത്തിനോയും പശുവിനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത ക്രമിനലുകള്‍ക്ക് ആളുകളെ അവരുടെ സമുദായം നോക്കി കൊല്ലാന്‍ അറിയാമെന്നായിരുന്നു ഉവൈസിയുടെ മറുപടി. ഈ ക്രിമിനലുകളെ ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വ സര്‍ക്കാരാണെന്നും അദ്ദേഹം തിരിച്ചടിച്ചു. 'ആര്‍എസ്എസ് നേതാവ് ഭാഗവത് പറയുന്നത് ആള്‍കൂട്ടക്കൊല നടത്തുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിരാണെന്നാണ്. ഈ ക്രിമിനലുകള്‍ക്ക് പോത്തിനേയും പശുവിനേയും കണ്ടാല്‍ തിരിച്ചറിയില്ല. എന്നാല്‍ ജുനൈദ്, അഖ്‌ലാഖ്, പെഹ്‌ലുഖാന്‍, റക്ബര്‍, ആലിമുദ്ദീന്‍ എന്നിവരെ കൊല്ലാന്‍ അവരുടെ പേര് തന്നെ മതി,' എന്നായിരുന്നു ഉവൈസിയുടെ ട്വീറ്റ്. 

പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ തീവ്രഹിന്ദുത്വ വാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതങ്ങളും മര്‍ദനങ്ങളും ഉവൈസി ചൂണ്ടിക്കാട്ടി. 2015, 2017, 2018 വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ പ്രതികളായവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടികളുടമായി ബന്ധമുള്ളവരുടെ പരസ്യ പിന്തുണയുണ്ടായിരുന്നു എന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടുകളെ പരാമര്‍ശിച്ച് ഉവൈസി ചൂണ്ടിക്കാട്ടി. ഭീരുത്വവും ആക്രമണവും കൊലപാതകവും ഗോഡ്‌സെയുടെ ഹിന്ദുത്വയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഈ ചിന്താധാരയുടെ ഫലമാണ് മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൊലപാതകങ്ങളെന്നും ഉവൈസി പറഞ്ഞു.

Latest News