ആരവങ്ങളില്ലാത്ത ഫുട്‌ബോൾ

കുറെ നാളത്തെ ഇടവേളക്കു ശേഷമാണ് മൊയ്തുവിനെ കാണുന്നത്. ഫുട്‌ബോൾ ഗ്രൗണ്ടിൽ അടുത്തിരുന്നപ്പോൾ മൊയ്തു പറഞ്ഞു: ഇന്നും ആരവങ്ങളില്ലാത്ത കളിയായിരിക്കും. 
എന്താ ടീമുകൾ കൊള്ളില്ലേ. ഇങ്ങനെയൊരു മുൻ ധാരണ.
അങ്ങനെയല്ല, പൊതുവെ പറഞ്ഞതാണ്. ടീമുകൾ അവർക്ക് സപ്പോർട്ട് നൽകാനായി കൊണ്ടുവരുന്ന കുറേയാളുകൾ ഒച്ചയും ബഹളവും ഉണ്ടാക്കിയാൽ ആയി. ബാക്കിയിയുള്ളവരെല്ലാം ഇതാ ഇങ്ങനെയല്ലേ? 
മൊയ്തു കാതിൽനിന്ന് ഇയർഫോൺ ഊരിയെടുത്തുകൊണ്ട് ഗാലറയിലേക്ക് വിരൽ ചൂണ്ടി. 
ഗാലറി നിറയെ ആളുകളുണ്ട്. പക്ഷേ, ബഹുഭൂരിഭാഗവും സ്മാർട്ട് ഫോണിലേക്ക് തല കുമ്പിട്ടിരിക്കയാണ്. മിക്കയാളുകളും ഇയർ ഫോൺ തിരുകിയിട്ടുമുണ്ട്.
വാട്‌സാപ്പ് മെസേജുകൾ വായിക്കുന്നവർ, വീഡിയോ കാണുന്നവർ. ഇടക്ക് എപ്പോഴെങ്കിലും വലിയ  ബഹളമുണ്ടായാൽ മാത്രം തല ഉയർത്തി നോക്കുകയും താഴ്ത്തുകയും ചെയ്യുന്നവർ.
നല്ല ആളുണ്ട് അല്ലേ.. ഗൾഫിന്റെ അസ്തമയമായി, എല്ലാവരും ഒഴിഞ്ഞുപോയി എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. ഈ സ്റ്റേഡിയം ഇതുപോലെ ലേബർ ഡിപ്പാർട്ട്‌മെന്റുകാർ കണ്ടാൽ ആളുകളെ പുറന്തള്ളാൻ അവർ പുതിയ  നിതാഖാത് അന്വേഷിക്കുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്.. അല്ലേ..
മൊയ്തു വീണ്ടും സംസാരം തുടങ്ങി. 
ഇയർ ഫോൺ കാതിൽനിന്ന് എടുത്തു മാറ്റിയതു കൊണ്ട് ശബ്ദം അൽപം കുറഞ്ഞിട്ടുണ്ട്. ആശ്വാസം. 
മൊയ്തു വർത്താനം തുടങ്ങിയാൽ പിന്നെ ചറപറയാണ്. മൊയ്തുവിന് മാത്രമല്ല, ഇപ്പോൾ പലയാളുകളും സംസാരിക്കുമ്പോൾ ഇത്തിരി സൗണ്ട് കൂടുതലാണ്. എല്ലാ നേരത്തും ഇയർ ഫോൺ വെച്ച് അങ്ങനെ ആയിപ്പോയതാണെന്നാണ് ഇതേക്കുറിച്ച് അച്ചായൻ പറയാറുള്ളത്. വലിയ ഉച്ചത്തിലാണ് സംസാരിക്കുന്നതെങ്കിൽ കാതിലേക്ക് നോക്കിയാൽ മതി. കേബിളൊന്നും കാണില്ലെങ്കിലും വളരെ ചെറിയ വയർലസ് ഇയർ ഫോൺ തിരുകിയിട്ടുണ്ടാകും. 
അല്ലാ, ങ്ങള് പെട്രോൾ 91 ആക്കിയോ? ആളുകൾ ഇപ്പോൾ വണ്ടിയുടെ ആയുസ്സൊന്നും നോക്കുന്നില്ല, അല്ലേ?  പെട്രോളിന് വില കൂടിയതിൽ പിന്നെ 95 കാരൊക്കെ 91 ആണ് അടിച്ചു കയറ്റുന്നത്. 
അങ്ങനെയുണ്ടോ?
പിന്നെ ഇല്ലാതെ, ജീവിതച്ചെലവ് ചുരുക്കാൻ ഓരോരുത്തർ ഓരോ മാർഗം പയറ്റുന്നു. അമിത ഭാരം നേരിടാൻ രാജാവ് പ്രഖ്യാപിച്ച ആയിരം റിയാൽ സ്വദേശികൾക്കല്ലേ കിട്ടൂ. 
മൊയ്തൂന് ആയിരം റിയാൽ തന്നിട്ടെന്താ കാര്യം. കിട്ടിയാൽ ഉടൻ നാട്ടിലേക്ക് ചവിട്ടൂല്ലെ. സർക്കാർ മാസം ആയിരം കൊടുക്കുന്നത് അത് ഇവിടെ തന്നെ മാർക്കറ്റിൽ ചെലവക്കാനാണ്. 
സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ഇതുപോലെ എന്തേലും കൊടുക്കുമെന്ന് കേട്ടല്ലോ. ങ്ങളെ വലിയ കമ്പനിയല്ലേ. വല്ലതും തടയുമോ? 
ഏയ്. അതിനൊന്നും ചാൻസില്ല. ലാഭത്തിലെ നഷ്ടം കുറക്കാൻ ചെലവു ചുരുക്കാൻ ശ്രമിക്കുന്നവരോട് പോയങ്ങ് ചോദിച്ചാൽ മതി. 
നമ്മൾ മൽബുകൾ ചെലവു ചുരുക്കൽ അറബികളിൽനിന്ന് പഠിക്കണം. 
അതെന്താ അങ്ങനെ. പൊതുവെ അറബികളല്ലേ ധൂർത്തടിക്കുന്നത്.
ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ അറബികളാണ് അടവുകളിൽ മുന്നിൽ.
അതു പിന്നെ അങ്ങനെയാണല്ലോ. അടവുകളിൽ താൽപര്യം അവർക്കു തന്നെയാണ്. അതുകൊണ്ടാണല്ലോ പുതിയ കാർ വാങ്ങുന്നവർക്ക് കമ്പനികൾ ഒന്നും രണ്ടും മാസത്തെ അടവ് ഫ്രീയാക്കുന്നത്.
തവണയടവിന്റെ കാര്യമല്ല. 
മ്മടെ ബെളില്ലേ.. വെളവ്.. അതിന്റെ കാര്യമാ ഞാൻ പറഞ്ഞത്. 
എന്താ അറബി വെളവ്?
ങ്ങള് ഇങ്ങോട്ടു വരുമ്പോൾ കാറിൽ തനിച്ചല്ലേ വന്നത്?
അതെ. 
സ്‌റ്റേഡിയത്തിനു പുറത്തുനോക്കിയേ. എന്തോരം കാറും വാനുമാണ്. മിക്കതിലും ഒരാളായിരിക്കും വന്നിട്ടുണ്ടാവുക. കളി കാണാൻ വരുമ്പോഴെങ്കിലും മൂന്നോ നാലോ ഫ്രന്റ്‌സിനു ഒരുമിച്ച് ഒരു കാറിൽ വന്നൂടെ. 
അതാണോ ഇപ്പോൾ വലിയ ലാഭം. ആകെ മുങ്ങിയവന് എന്തു ശീതം?
അതൊക്കെ ലാഭം തന്നെയാണ്. കഴിഞ്ഞ ദിവസം എന്റെ കമ്പനിയിലുണ്ടായ സംഭവം പറയാം. 
നാല് പേർക്ക് കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സിലേക്ക് പോകണം. ആഴ്ചയിൽ ഒന്നു രണ്ട് ദിവസമുള്ള പതിവ് യാത്രയാണ്. 
നീ എടുക്ക്, അവൻ എടുക്ക് എന്നു പറഞ്ഞ് നാലു പേരും തമ്മിൽ പോകേണ്ട കാറിനെ ചൊല്ലി തർക്കം. ജനുവരി ഒന്നിനു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. അപ്പോഴൊക്കെ എന്റെ കാറിൽ പോകാമെന്നു പറഞ്ഞായിരുന്നു അവർ മത്സരം. 
ലാഭിക്കാൻ വയീണ്ട്ന്ന് ഇപ്പം മനസ്സിലായില്ലേ..
ഇല്ലെങ്കിൽ ഇതാ ഇതു കൂടി കണ്ടോ. മൊയ്തു സ്മാർട്ട് ഫോണിൽ ഒരു ഫോട്ടോ കാണിച്ചു. 
തോബ് മടക്കിക്കുത്തി വീടിന് പെയിന്റടിക്കുന്ന ഒരു അറബിയായിരുന്നു ആ ചിത്രത്തിൽ. 
പെയിന്റിംഗ് ജോലിയും കാത്ത് ആർത്തിയോടെ റോഡരികിൽ കാത്തിരിക്കുന്ന തൊഴിലാളികളായിരുന്നു അപ്പോൾ മനസ്സിലേക്ക് വന്നത്. 
 

Latest News