രണ്ടാഴ്ച അവധികിട്ടണം, അതിന് കോവിഡ് പോസിറ്റീവാകണം, കുട്ടികള്‍ കണ്ടെത്തിയ വിചിത്രമാര്‍ഗം ഇങ്ങനെ

ലണ്ടന്‍- രണ്ടാഴ്ച സ്‌കൂളില്‍നിന്ന് അവധി കിട്ടണം. ബ്രിട്ടനിലെ ചില കുട്ടികള്‍ കണ്ടെത്തിയ മാര്‍ഗം വിചിത്രമാണ്. കോവിഡ് പോസിറ്റീവാകുക. അതിന് കണ്ടെത്തിയ മാര്‍ഗം അതിനേക്കാള്‍ രസകരം.

ഓറഞ്ച് ജ്യൂസ് ഉപയോഗിച്ചുള്ള ചില കളികളാണ് കോവിഡ് പോസിറ്റീവ് ഫലം നല്‍കുന്നത്. ഓറഞ്ച് ജ്യൂസിലെ അസിഡിറ്റിയാണ് തെറ്റായ ഫലമുണ്ടാകാന്‍ കാരണം. ഇത് കൃത്യമായ ഫലനിര്‍ണയം അസാധ്യമാക്കുകയും പോസിറ്റീവ് എന്നു കാണിക്കുകയും ചെയ്യുന്നു. കൊക്കോകോള, ചില ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് ടിക് ടോക് വീഡിയോകളില്‍ കാണാം.
ദി ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റാപിഡ് ഫ്‌ളോ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് സംശയിക്കുന്നവര്‍ക്ക് സ്വയം പരിശോധനക്കുള്ള സൗകര്യമുണ്ട് ബ്രിട്ടനില്‍. ഇവിടെയാണ് കുട്ടികളുടെ കളി. അര മണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്നതാണ് ഈ ടെസ്റ്റ്.

മൂക്കിലോ തൊണ്ടയിലോ നിന്ന് എടുക്കുന്ന സ്വാബ് ഒരു ദ്രാവകത്തില്‍ മുക്കിയ ശേഷം ടെസ്റ്റ് സ്ട്രിപ്പിലേക്ക് ഞെക്കിയൊഴിക്കുകയാണ് ചെയ്യുക. ഇതില്‍ ഓറഞ്ച് ജ്യൂസ് കലക്കുന്നതോടെ തെറ്റായ ഫലം ലഭിക്കും. ഇതുപയോഗിച്ച് സ്‌കൂളില്‍നിന്ന് അവധിയെടുക്കുകയാണ് കുട്ടികള്‍.
രണ്ടാഴ്ച അവധിയെടുക്കാന്‍ ഇത് നല്ല മാര്‍ഗമാണെന്ന് ഒരു ശാസ്ത്രാധ്യാപിക പറഞ്ഞു.
 
കെച്ചപ്പ്, കൊക്കകോള എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിച്ചപ്പോഴും ഇതേ പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ വ്യത്യസ്ത ദ്രാവകങ്ങള്‍ പരീക്ഷിക്കുന്ന ടിക്ക് ടോക്ക് വീഡിയോ വൈറലായതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റുകള്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍, കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജിയോഫ് ബാര്‍ട്ടന്‍ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. രാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നല്ല ഇടം സ്‌കൂളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News