Sorry, you need to enable JavaScript to visit this website.

തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂദൽഹി- സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ദേശീയ ഗാനം ആവശ്യമുണ്ടോ ഇല്ലയോ എന്ന കാര്യം അതാത് തീയറ്റർ ഉടമകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദീപക മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ദേശീയ ഗാനം നിർബന്ധമാണെന്ന് ദീപക് മിശ്രയാണ് ഉത്തരവിട്ടിരുന്നത്. 
ദേശീയഗാനം തീയറ്ററുകളിൽ വേണമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ ഇന്നലെ രംഗത്തെത്തിയിരുന്നു. സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. 
     2016 നവംബർ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ നൽകിയ അഞ്ചു പേജുള്ള സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാർഗ നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സർക്കാർ വ്യക്തമാക്കി. വിശാല ചർച്ചകൾക്ക് ശേഷമേ മാർഗനിർദേശങ്ങൾ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി. 
    2016 നവംബർ 30ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചുമതല ഏൽക്കുന്നതിനു് മുൻപ് അദ്ദേഹം അധ്യക്ഷനായ ബെഞ്ച് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുകയും ദേശീയ ഗാനം വെക്കുന്ന സമയത്ത് എഴുന്നേറ്റു നിൽക്കുകയും ചെയ്യണം എന്ന് ഉത്തരവിട്ടിരുന്നു. മാത്യരാജ്യത്തോടുള്ള ജനങ്ങളുടെ സ്‌നേഹം പ്രകടമാക്കുന്നതിനാണ് ഇതെന്നും സുപ്രീംകോടതി വിശദീകരിച്ചിരുന്നു. ദേശീയ ഗാനത്തെ ഇത്തരത്തിൽ ആദരിക്കുന്നത് ദേശീയ തിരിച്ചറിവും ദേശീയ ഐക്യവും ഭരണഘടനാപരമായ രാജ്യസ്‌നേഹവും പ്രകടമാക്കാൻ ഉപകരിക്കുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ നിന്നു തന്നെ വിമർശനം പിന്നീട് ഉയർന്നിരുന്നു. ഒക്ടോബർ 2017ൽ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് രാജ്യസ്‌നേഹം ചുമലിൽ അണിയേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവിനെതിരേ കേരളത്തിൽ നിന്നുള്ള കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി പരിഗണിക്കവേയാണ് അടുത്തതായി ജനങ്ങൾ ദേശീയ ഗാനത്തെ ആദരിക്കേണ്ടതിനായി തീയേറ്ററുകളിൽ ടീ ഷർട്ടും ഷോർട്‌സും ധരിക്കരുതെന്ന നിബന്ധന വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 
ഇതേ തുടർന്ന് ദേശീയ ഗാനം തീയേറ്ററുകളിൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച് ഏതവസരത്തിലാണ് ദേശീയ ഗാനത്തെ ബഹുമാനിക്കേണ്ടതെന്നും അതിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി വിജ്ഞാപനം ഇറക്കണമെന്നും സൂപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചത്. ഈ അവസരത്തിലാണു കൂടുതൽ സമയം ആവശ്യപ്പെട്ടു സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇത് കൂടി പരിഗണിച്ചാണ് തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവിട്ടത്.
 

Latest News