Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് മെയ് മാസം വിദേശികൾ അയച്ചത് 1,253 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ബാങ്കുകളും നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളും വഴി മെയ് മാസം 1,253 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയിൽ വിദേശികളുടെ റെമിറ്റൻസ് ആറു ശതമാനം തോതിൽ വർധിച്ചു. 2020 മെയ് മാസത്തിൽ വിദേശികൾ 1,183 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. 
എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസ് ആറു ശതമാനം തോതിൽ കുറഞ്ഞു. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ വിദേശികൾ അയച്ച പണത്തിൽ 74.8 കോടിയോളം റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ഏപ്രിലിൽ വിദേശികൾ 1,328 കോടി റിയാൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
അതേസമയം, മെയ് മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണം 72 ശതമാനം തോതിൽ ഉയർന്നു. മേയിൽ 513 കോടി റിയാലാണ് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ചത്. 2020 മെയ് മാസത്തിൽ ഇത് 298 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 494 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ നിയമാനുസൃത മാർഗങ്ങളിൽ വിദേശങ്ങളിലേക്ക് അയച്ചത്. തൊട്ടടുത്ത മാസം ഇത് 513 കോടി റിയാലായി വർധിച്ചതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News