സൗദിയില്‍ 60 വയസ്സ് പിന്നിട്ട വിദഗ്ധര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി ഒഴിവായി 

റിയാദ് - അറുപത് വയസ്സു പിന്നിട്ട ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധ ജോലിക്കാര്‍ക്ക് നിതാഖാത്തില്‍ ഇളവ് അനുവദിക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. വകുപ്പ് മന്ത്രി  അലി അല്‍ഗഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ജനറല്‍ ഫിസിഷ്യന്‍, മാനസികരോഗ വിദഗ്ധന്‍, ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ്, ഇ.എന്‍.ടി സര്‍ജന്‍, പീഡിയാട്രീഷ്യന്‍, അസ്ഥിരോഗ ഡോക്ടര്‍, ഫോറന്‍സിക് കണ്‍സള്‍ട്ടന്റ്, ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, വെറ്ററിനറി ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, ദന്ത ഡോക്ടര്‍, നിക്ഷേപകന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, ലക്ചറര്‍ തുടങ്ങി 107 പ്രൊഫഷനുകളില്‍പെട്ടവര്‍ക്കാണ് ഇത്തരത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 

അറുപത് വയസ് പിന്നിട്ട വിദേശിയെ ജോലിക്ക് വെക്കുന്നത് രണ്ട് വിദേശികളെ ജോലിക്ക് വെക്കുന്നതിന് തുല്യമായാണ് നിതാഖാത്തില്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് അറുപത് വയസ് പിന്നിട്ടവരെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ നിതാഖാത്ത് അനുസരിച്ച സ്വദേശിവല്‍ക്കരണ അനുപാതം പാലിക്കുന്നതിന് കൂടുതല്‍ സൗദികളെ ജോലിക്ക് വെക്കേണ്ടിവരും. ഇത് സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അറുപതു പിന്നിട്ടവരെ പിരിച്ചുവിടുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഈ വ്യവസ്ഥയില്‍നിന്നാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധ തൊഴിലാളികളെ ഒഴിവാക്കിയിരിക്കുന്നത്. 

Latest News