നിഷേധിക്കപ്പെടുന്ന നീതി വർത്തമാന കാലത്തിന്റെ ഇരുണ്ട യാഥാർത്ഥ്യമാണ്. ഭരണകൂടവും മറ്റു ജനാധിപത്യ സംവിധാനങ്ങളുമെല്ലാം നീതിക്ക് നേരെ കണ്ണടക്കുമ്പോൾ പ്രതീക്ഷയുടെ ഏറ്റവും ഒടുവിലത്തെ അഭയമാണ് നീതിന്യായ കോടതികൾ. എന്നാൽ നീതിദേവതയുടെ തുലാസിൽപ്പോലും അനീതിക്ക് മുൻതൂക്കം കിട്ടുമ്പോഴാണ് ജനങ്ങൾക്ക് എല്ലാ ജാനാധിപത്യ സംവിധാനങ്ങളിലും വിശ്വാസം നഷ്ടപ്പെടുന്നത്. ഇന്ത്യയിലെ പരമോന്നത നീതിപീഠം പുറപ്പെടുവിക്കുന്ന വിധികൾ പലപ്പോഴും യുക്തിക്ക് നിരക്കുന്നതോ അതല്ലെങ്കിൽ നീതിയുടെ വെളിച്ചം പകരുന്നതോ ആയിരിക്കണമെന്നില്ല. തെളിവുകളും വാദങ്ങളും മാത്രം നീതിയുടെ അളവു കോലാകുമ്പോൾ മനുഷ്യത്വവും മനുഷ്യാവകാശവുമൊക്കെ ചവറ്റുകുട്ടയിലെറിയപ്പെടും. വർത്തമാന കാലത്തെ നീതി നിഷേധങ്ങളെക്കുറിച്ച് നാനാവിധമായ ചർച്ചകൾ രാജ്യത്ത് നടക്കുമ്പോഴാണ് മനുഷ്യത്വത്തിൽ ചാലിച്ച നീതിയുടെ കൈത്തിരി വെട്ടവുമായി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഏറ്റവും സുപ്രധാനമായ ഒരു വിധിന്യായം പുറപ്പെടുവിച്ചത്.
കോവിഡ് ബാധയെത്തുടർന്ന് ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകിയേ തീരുവെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചത്. നീതി നിഷേധങ്ങളുടെ കെട്ട കാലത്ത് നീതിന്യായ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തേണ്ട ചരിത്രപരമായ വിധിയായി ഇതിനെ കണക്കാക്കേണ്ടതുണ്ട്.
ലോകത്തെ ഒന്നാകെ കീഴടക്കിയ കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ സമിതി തയ്യാറാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ആറാഴ്ചക്കകം ഇതിനു വേണ്ടിയുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാനും നിർദേശിച്ചു. കോവിഡ് രോഗബാധ പ്രകൃതി ക്ഷോഭമോ അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും ദുരന്തമോ അല്ലെന്ന കേന്ദ്രസർക്കാറിന്റെ മുട്ടാപ്പോക്ക് നയത്തെയാണ് സുപ്രീം കോടതി അപ്പാടെ തള്ളിക്കളഞ്ഞത്. ജനാധിപത്യ സംവിധാനങ്ങളും അതിന്റെ ഭാഗമായുള്ള നിയമ വ്യവസ്ഥകളുമെല്ലാം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്ന ഏറ്റവും ഉദാത്തമായ നിലപാടാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ചത്. കേന്ദ്ര സർക്കാർ ഉന്നയിച്ച എല്ലാ തടസവാദങ്ങളെയും മനുഷ്യത്വത്തിന്റെ തുലാസുകൊണ്ട് അളന്നാണ് കോടതി തള്ളിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ് കേന്ദ്ര സർക്കാർ പ്രധാനമായും വാദമുന്നയിച്ചത്. മാത്രമല്ല, രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ദേശീയ ദുരന്ത നിവാരണ സമിതിയുടെ ബാധ്യതയല്ലെന്ന് പോലും സർക്കാർ കോടതിയിൽ പറഞ്ഞു. രാജ്യത്ത് ഏകദേശം നാലു ലക്ഷത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. ഇവർക്ക് നഷ്ടപരിഹാരം നൽകുന്നത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ഇത് വഹിക്കാനുള്ള സാമ്പത്തിക ശേഷി ദേശീയ ദുരന്ത നിവാരണ സമിതിക്കുണ്ടെന്ന് കോടതി തന്നെ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിമ നിർമാണങ്ങൾക്കും മറ്റ് അനാവശ്യ ചെലവുകൾക്കുമായി കയ്യും കണക്കുമില്ലാതെ കോടികൾ ചെലവഴിക്കുകയും കുത്തക കമ്പനികളും വ്യവസായ പ്രമുഖരിൽ പലരും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൊളളയടിക്കുകയും ചെയ്യുമ്പോഴാണ് അന്നം കൊണ്ടുവരുന്നവർ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പട്ടിണിയിലായിപ്പോയ ബഹുഭൂരിഭാഗം കുടുംബങ്ങളുടെയും അതിജീവനത്തിന്റെ മാർഗങ്ങളെ തടസപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചത്. ജനാധിപത്യത്തിന് വില കൽപിക്കുന്ന ഒരു സർക്കാറിനും ഇത്തരത്തിലുള്ള തടസ്സവാദങ്ങൾ ഉന്നയിക്കാനാകില്ല.
സുപ്രീം കോടതി വിധി ആഴത്തിൽ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. സർക്കാറിന്റെ തടസ്സവാദങ്ങളെ യാതൊരു യുക്തിയുമില്ലാതെ തള്ളിക്കളയുകയല്ല കോടതി ചെയ്തിട്ടുള്ളത്. മറിച്ച് സർക്കാറിന്റെ വാദങ്ങളും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളും നീതിയുടെ തുലാസിലിട്ട് തൂക്കുകയാണ് ചെയ്തത്. വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകളിൽ അത് വളരെ പ്രകടമാണ്. സർക്കാറിന് അവരുടേതായ മുൻഗണനാ ക്രമങ്ങളും വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുമുണ്ടെന്ന കാര്യം സുപ്രീം കോടതി അംഗീകരിക്കുമ്പോൾ തന്നെ കോവിഡിൽ മരിച്ചവരുടെ ആശ്രിതർ അനുഭവിക്കുന്ന ദുരിതങ്ങളെ കാണാതിരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്തിനും അനന്തമായ വിഭവങ്ങളില്ലെന്നും സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച് അതിന്റെ വിതരണം നടത്തുകയാണ് വേണ്ടതെന്നും കോടതി സർക്കാറിനെ വിധിന്യായത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
എത്ര തുകയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കാതെ ഇതിനുള്ള അധികാരം ദേശീയ ദുരന്ത നിവാരണ സമിതിക്ക് നൽകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ കാണാതെയുള്ള ഏകപക്ഷീയമായ നിലപാടല്ല കോടതി സ്വീകരിച്ചതെന്ന് വ്യക്തം. മനുഷ്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനും ദുരന്തങ്ങളെ അതിജീവിക്കാൻ അവരെ സഹായിക്കുന്നതിനുമുള്ള തീരുമാനങ്ങളാണ് ജനാധിപത്യ ഭരണകൂടങ്ങളിൽനിന്ന് ഉണ്ടാകേണ്ടതെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ വിധിയിലൂടെ കോടതി ചെയ്തിട്ടുള്ളത്. അവിടെയാണ് മനുഷ്യത്വത്തിന്റെ മുഖം കോടതി പ്രകടിപ്പിച്ചത്.
സുപ്രീം കോടതി വിധി രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം സ്വീകാര്യമാകുന്നതാണെങ്കിലും ഈ വിധിന്യായം കൊണ്ട് മാത്രം ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാവർത്തികമാകില്ല. കേന്ദ്ര സർക്കാറും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്. കോടതിയിൽ തങ്ങളുടെ നിലപാടുകൾ പരാജയപ്പെട്ടുവെന്നത് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെയുള്ള നിലപാടുകളല്ല ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇനി സ്വീകരിക്കേണ്ടത്. മറിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് കൈത്താങ്ങാകുന്ന രീതിയിലുള്ള നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് വേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരിൽ വലിയൊരു ഭാഗവും നിത്യജീവിതത്തിന് പോലും വകയില്ലാത്തവരാണ്. അവരുടെ ഏറ്റവും വലിയ ആശ്രയമായ വ്യക്തിയെയായിരിക്കാം കോവിഡ് തട്ടിയെടുത്തത്. മുമ്പോട്ടുള്ള ജീവിതം കെട്ടിപ്പടുക്കണമെങ്കിൽ അവർക്ക് ഒരു കൈത്താങ്ങ് കൂടിയേ തീരൂ. അതുകൊണ്ടാണ് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിന് ഒഴിയാനാകില്ലെന്ന് കോടതി വിധിന്യായത്തിൽ എടുത്ത് പറഞ്ഞത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലുള്ള അവ്യക്തത മൂലം അർഹതപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാകാത്ത സാഹചര്യം ഉടലെടുക്കാനിടയുണ്ട്. മരണമടയുമ്പോൾ കോവിഡ് പോസിറ്റീവ് ആയ ആളുകളെ മാത്രമേ കോവിഡ് രോഗികളായി പല സംസ്ഥാനങ്ങൡലെയും ആരോഗ്യ വകുപ്പ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളൂ. കോവിഡ് ബാധിച്ചശേഷം നെഗറ്റീവാകുകയും എന്നാൽ കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ പിന്നീട് മരണമടയുകയും ചെയ്ത ഒട്ടേറെ പേർ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് വലിയ തർക്കങ്ങളും അവ്യക്തതകളും ഉടലെടുത്തിരിക്കുകയാണ്. ഒട്ടേറെ പേർക്ക് നഷ്ടപരിഹാരം കിട്ടാനിടയില്ലെന്ന സാധ്യത കണക്കിലെടുത്ത് അതിനുള്ള പരിഹാരവും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായി മൂന്ന് മാസത്തിനകം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ അവർ പിന്നീട് നെഗറ്റീവായാലും കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്നാണ് മരണമെങ്കിൽ കോവിഡ് മരണമാണെന്ന് രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും മരണ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാറുകൾക്കാണ് ഉത്തരവാദിത്തമുള്ളത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുമ്പോൾ അർഹരായവർക്ക് അത് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ബാധ്യത അതാത് സംസ്ഥാന സർക്കാറുകൾക്കുണ്ട്.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഘട്ടങ്ങളിലായി സുപ്രീം കോടതിയും വിവിധ സംസ്ഥാന ഹൈക്കോടതികളും വളരെ ശ്രദ്ധയോടെയും മനുഷ്യത്വപരവുമായാണ് ഇത് വരെ ഇടപെട്ടിട്ടുള്ളതെന്ന് മുൻകാല വിധികൾ പരിശോധിച്ചാൽ വ്യക്തമാകും. ഈ വിഷയത്തിൽ ഭരണ കൂടങ്ങളെ നിശിതമായി വിമർശിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ ശക്തമായ താക്കീത് നൽകാനും കോടതികൾ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ലഭിക്കുന്നതും പല സംസ്ഥാനങ്ങളിലും കോവിഡ് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെട്ടതുമെല്ലാം കോടതികളുടെ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇക്കാര്യങ്ങളിൽ ഭരണകൂടം പരാജയപ്പെട്ടിടത്തെല്ലാം കാവലാളായി നീതിപീഠം എത്തിയിരുന്നുവെന്നത് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.






