തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കോവിഡ് വിവര പട്ടികയിലും പേരുകളുണ്ടാകും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പേരുകള്‍ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിര്‍ത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്. കോവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം എന്നത് ശ്രദ്ധേയമാണ്.
പട്ടിക പുന:പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കോവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്രമായ പുന:പരിശോധനക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇനി ആശുപത്രികള്‍ 24 മണിക്കൂറിനകം ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലകള്‍ 48 മണിക്കൂറിനകം സംസ്ഥാന ആരോഗ്യവകുപ്പിനേയും മരണവിവരം അറിയിക്കണം. ബന്ധുക്കള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും പരാതിയുന്നയിക്കാനും വരും ദിവസങ്ങളില്‍ സംവിധാനമൊരുക്കും.
ഔദ്യോഗിക കണക്കുകള്‍ പുറത്തു വിടുന്നതോടെ ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി ഉന്നയിക്കാനാകും. മരണക്കണക്കുകള്‍ പൂഴ്ത്തുന്നുവെന്ന വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെകൂടി അനുവാദത്തോടെയാണ് ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്താനുളള ആരോഗ്യവകുപ്പ് നീക്കമെന്നാണ് വിവരം.