സാബുവിന്റെ വിരട്ടല്‍ ഫലിച്ചു, കിറ്റെക്‌സിന് മുമ്പില്‍ സര്‍ക്കാര്‍ സുല്ലിട്ടു

കൊച്ചി- കിറ്റെക്സിനെ അനുനയിപ്പിച്ച് സര്‍ക്കാര്‍. വ്യവസായ മന്ത്രി പി. രാജീവ് നേരിട്ടിടപെട്ട് കാര്യങ്ങള്‍ പരിഹരിച്ചു. വ്യവസായം മറ്റ് സംസ്ഥാനത്തേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാബുജേക്കബ് പറഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ നേരിട്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് കിറ്റെക്‌സിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. കാര്യങ്ങള്‍ പരസ്യപ്പെടുത്തും മുമ്പ് സര്‍ക്കാരിനം അറിയിക്കാമായിരുന്നെന്നും വ്യവസായ മന്ത്രി പറഞ്ഞു.

കിറ്റെക്‌സിന് കെ. സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോയെന്നും അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവരാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി. രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ സമീപനം പോസിറ്റീവ് ആണ്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം കിറ്റെക്സ് കടുത്ത നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നു. കിറ്റെക്സ് മാനേജ്‌മെന്റിനെ 28ന് തന്നെ താന്‍ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.

3,500 കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. ഇതിനെ ട്വന്റി 20 യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യമില്ല. അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ ഡി എഫിന് സീറ്റ് ഒന്നും നഷ്ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.

 

Latest News