ഇസ്‌ലാമാബാദ്- ഉയിഗൂര്‍ മുസ്‌ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാക്കിസ്ഥാന്‍. ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുകഴ്ത്തി. ഒറ്റപ്പാര്‍ട്ടി സംവിധാനമാണ് തെരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാറുകളേക്കാല്‍ മികച്ച മാതൃകയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇസ്‌ലാമാബാദിലെത്തിയ ചൈനീസ് മാധ്യമസംഘങ്ങളോട് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലീങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ക്രൂരമായാണ് പെരുമാറുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുമ്പോഴാണ് പാകിസ്ഥാന്‍ ചൈനക്ക് പിന്തുണ നല്‍കുന്നതെന്നും ശ്രദ്ധേയം. ഉയിഗൂര്‍ മുസ്‌ലീങ്ങളുടെ പ്രശ്‌നവുമായി ചൈനീസ് അധികൃതരെ ബന്ധപ്പെട്ടെന്നും പശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് ഞങ്ങള്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
'ചൈനയുമായി ശക്തമായ ബന്ധമാണ് പാക്കിസ്ഥാനുള്ളത്. വിശ്വാസത്തിന്റെ പുറത്താണ് ബന്ധം നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ചൈനീസ് സര്‍ക്കാറിനെ ഞങ്ങള്‍ വിശ്വസിക്കുന്നു' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഭരണത്തേക്കാള്‍ സമൂഹപുരോഗതിക്ക് ഒറ്റപ്പാര്‍ട്ടി സംവിധാനമാണ് മികച്ചതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.