വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ച സിദ്ദു 8 മാസമായി കറന്റ് ബില്ലടച്ചില്ല, കുടിശ്ശിക 8.67 ലക്ഷം രൂപ

ചണ്ഡീഗഢ്- പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വന്തം സര്‍ക്കാരിനെതിരെ പോരടിക്കുന്ന നവജോത് സിങ് സിദ്ദു എട്ടു മാസമായി കറന്റ് ബില്ലടച്ചിട്ടില്ലെന്ന് രേഖ. ഈ ഇനത്തില്‍ 8.67 ലക്ഷം രൂപയാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (പി.എസ്.പി.സി.എല്‍) സിദ്ദു അടച്ചു തീര്‍ക്കാനുള്ളത്. വൈദ്യുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് 8,67,540 രൂപ സിദ്ദു തന്റെ അമൃത്സറിലെ വീട്ടിലെ വൈദ്യുതി ബില്‍ ഇനത്തില്‍ ജൂലൈ രണ്ടിനു മുമ്പായി അടച്ചു തിര്‍ക്കണമെന്നാണ്. 17 ലക്ഷം രൂപ സിദ്ദുവിന് കുടിശ്ശിക ഉണ്ടായിരുന്നു. എന്നാല്‍ 10 ലക്ഷം രൂപ അദ്ദേഹം മാര്‍ച്ചില്‍ അടച്ചു. കുടിശ്ശിക ഇപ്പോള്‍ ഒമ്പത് ലക്ഷത്തോളമായി ഉയര്‍ന്നിരിക്കുന്നു. 

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹമുണ്ടാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരടിക്കുന്ന സിദ്ദു സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം ഒരു പരിഹാരം നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കുടിശ്ശിക കറന്റ് ബില്ല് കണക്കുകള്‍ പുറത്തു വന്നത്. മുന്‍ അകാലിദള്‍-ബിജെപി സര്‍ക്കാര്‍ ഒപ്പുവച്ച വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തീരുമെന്നായിരുന്നു സിദ്ദുവിന്റെ നിര്‍ദേശം.

Latest News