ഭോപാല്‍- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ പുതുതായി നിര്‍മ്മിച്ച ഒരു പാലം ഉല്‍ഘാടനം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സജ്ജന്‍ സിങ് വര്‍മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനല്‍ ഓഫീസര്‍ സോമേഷ് ശ്രീവാത്സവിന്റെ പരാതിയിലാണ് ഗോപാല്‍പുര്‍ പോലീസ് കേസെടുത്തത്. സെഹോര്‍ ജില്ലയിലെ നസ്‌റുല്ലാഗഞ്ചിനേയും ദേവാസ് ജില്ലയിലെ ഖടേഗോണിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സീപ് നദിക്കു കുറുകെയുള്ള പാലമാണിത്. നാലു കോടി ചെലവില്‍ നിര്‍മിച്ച പാലം നാലു ദിവസം കഴിഞ്ഞ് ഉല്‍ഘാടനം ചെയ്യാനിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണികളെല്ലാം പൂര്‍ത്തീകരിച്ചെങ്കിലും ലോഡ് ടെസ്റ്റിങ് കൂടി ബാക്കിയുണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ പാലത്തിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ചതാണെന്ന് എംഎല്‍എ പറയുന്നു.
ജൂണ്‍ 30നാണ് എംഎല്‍എ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യേഗസ്ഥരുടെ ഉത്തരവിനോട് നിസ്സഹകരണം, മറ്റുള്ളവരുടെ ജീവന്‍ അപടകത്തിലാക്കല്‍ തുടങ്ങി വിവിധ ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലം ഉല്‍ഘാടനത്തിന് കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രിയെ കാത്തിരുന്നതിനാല്‍ പാലം തുറന്ന് നല്‍കിയിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. പൊതുജനസൗകര്യാര്‍ത്ഥമാണ് പാലം താന്‍ തുറന്ന് കൊടുത്തതെന്നും എംഎല്‍എ പറഞ്ഞു.






