റിയാദ് - സൗദിയിൽ കോവിഡ് നിയമ ലംഘനങ്ങൾക്ക് 871 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. നിയമ, വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മിന്നൽ പരിശോധനകൾ തുടരും.
സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ ആവശ്യപ്പെട്ടു.
അസീർ പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ കഴിഞ്ഞ മാസം സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 1,683 തൊഴിൽ നിയമ ലംഘനങ്ങളും മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 89 നിയമ ലംഘനങ്ങളും കണ്ടെത്തി.
നിയമ ലംഘനങ്ങൾക്ക് 462 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് കഴിഞ്ഞ മാസം പൊതുസമൂഹത്തിൽ നിന്ന് 95 പരാതികളും അസീർ പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്ക് ലഭിച്ചു. ഇവയിൽ ഫീൽഡ് പരിശോധനാ സംഘങ്ങൾ നടപടികൾ സ്വീകരിച്ചു.
നിയമ, വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ മാസം 8,255 സ്വകാര്യ സ്ഥാപനങ്ങളിലാണ് അസീർ പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനകൾ നടത്തിയത്. മുൻകരുതൽ, പ്രതിരോധ നടപടികളും തൊഴിൽ നിയമങ്ങളും സൗദിവൽക്കരണ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ മാസം 20,732 സ്വകാര്യ സ്ഥാപനങ്ങളിലാണ് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ഫീൽഡ് സംഘങ്ങൾ പരിശോധനകൾ നടത്തിയത്.