Sorry, you need to enable JavaScript to visit this website.

കാണാതായ യുവാവ് ദമാം തർഹീലിൽ; സാമൂഹ്യ പ്രവർത്തകൻ ജാമ്യത്തിലെടുത്തു

പ്രദീഷ് ചന്ദ്രശേഖരൻ  

ദമാം- കഴിഞ്ഞ മൂന്നാഴ്ചയായി സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്നും കാണാനില്ലെന്ന് കുടുംബവും സുഹൃത്തുക്കളും പരാതിപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെ ദമാം തർഹീലിൽ കണ്ടെത്തി. ജൂൺ നാലിന് ജോലി സംബന്ധമായി സ്‌പോൺസറുടെ കൂടെ പോയതാണെന്നും അതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പരാതിപ്പെട്ടിരുന്നത്. അഞ്ചു വർഷമായി ഒരു സ്വകാര്യ കമ്പനിയിലെ ട്രെയിലർ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന പ്രദീഷ് കഴിഞ്ഞ ഏപ്രിൽ നാലിന് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തി പുതിയൊരു കമ്പനിയിലേക്ക് മാറാനുള്ള ശ്രമത്തിനിടയിലാണ് കാണാതാവുന്നത്. ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളും, മറ്റു ചില സാമൂഹ്യ പ്രവർത്തകരും  വിവിധ മാർഗങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും പ്രദീഷിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് ആറ്റിങ്ങൽ മുൻ എം.എൽ.എ അഡ്വ. ബി സത്യൻ ദമാമിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവുമായി ഇടപെട്ടു പ്രദീഷിന്റെ തിരോധാനത്തിന്റെ വിവരങ്ങൾ നൽകുകയും എത്രയും പെട്ടെന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചത്. ഇതനുസരിച്ച് നാസ് വക്കം നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ ദമാം തർഹീലിൽ നിന്നും കണ്ടെത്തിയത്. ഉടൻ പ്രദീഷിനെ ജാമ്യത്തിൽ തർഹീലിൽ നിന്നും പുറത്തിറക്കി തന്റെ താമസ സ്ഥലത്ത് എത്തിച്ചു. 

കഴിഞ്ഞ ജനുവരിയിലാണ്  പ്രദീഷ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ടത്. കോവിഡ് മഹാമാരിയെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ നേരിട്ട് വിമാനങ്ങൾ ഇല്ലാത്തതിനാൽ യു എ ഇ വഴിയാണ് യാത്ര തിരിച്ചത്. യു എ ഇ യിൽ എത്തി പതിനാലു ദിവസത്തെ ക്വാറന്റൈൻ പൂർത്തീകരിക്കാനുള്ള അവസാന ദിവസം നിർഭാഗ്യവശാൽ കോവിഡ് വ്യാപനത്തെ തുടർന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം നിർത്തി വെക്കുകയായിരുന്നു. ഇതിനെ തുടർന്ന് യു എ ഇ യിൽ തന്നെ കുടുങ്ങി പോയ പ്രദീഷ് അവിടെയുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു മാസത്തോളം സ്വകാര്യമായി ജോലിയും ചെയ്തു. ഇതിനിടയിൽ ബഹ്റൈൻ വഴി സൗദിയിലെത്താനുള്ള വഴി തെളിഞ്ഞതോടെ ബഹ്‌റൈനിൽ എത്തി. തുടർന്ന് ഏപ്രിൽ 14ന് സൗദിയിലെത്തി. 
നാട്ടിൽ നിന്നും സൗദിയിലെത്താൻ വേണ്ട എല്ലാ നടപടി ക്രമങ്ങളും സ്‌പോൺസർ തന്നെ ചെയ്തു നൽകിയിരുന്നു. ഒന്നര വർഷം മുൻപാണ് പ്രദീഷ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി വിവാഹവും കഴിച്ചു ഭാര്യയുടെ പ്രസവവും കഴിഞ്ഞാണ് മടങ്ങിയത്. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുകയും, റീ എൻട്രി നീട്ടുകയും ചെയ്തു. ദുബായ്, ബഹ്റൈൻ വഴി വരുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതും സ്‌പോൺസർ തന്നെയായിരുന്നു. 

സൗദിയിലെത്തിയ പ്രദീഷ് ഈ  സ്‌പോൺസറുടെ അടുത്ത് നിന്നും പുതിയ ഒരാളിലേക്കു മാറി ജോലി ചെയ്യാനുള്ള ശ്രമം നടത്തിയത് പാളുകയായിരുന്നു. പുതിയ ലേബർ നിയമമനുസരിച്ച്  കഫാല മാറ്റത്തിനായി നിലവിലെ സ്‌പോൺസറുടെ പക്കലേക്ക് ത്വലബ് അയച്ചതോടെ പ്രദീഷിന്റെ നീക്കം മനസ്സിലാക്കിയ സ്‌പോൺസർ ഇത്രയൊക്കെ സൗകര്യങ്ങൾ ഒരുക്കിയ തന്നെ ചതിക്കുന്നു എന്നതിൽ കോപിഷ്ടനായി ഹുറൂബ് ആക്കുകയായിരുന്നു.  സ്‌പോൺസറുടെ സഹോദരൻ പ്രദീഷിനെ നിയമപാലകരെ ഏൽപ്പിക്കുകയും ഹഫർ അൽ ബാത്തിൻ തർഹീലിൽ എത്തിക്കുകയായിരുന്നു.
 
ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ഇല്ലെന്ന പരാതി ഔദ്യോഗിക സംവിധാനത്തിൽ ആരും നൽകിയിരുന്നില്ല. അതിനാലാണ് വിവരങ്ങൾ ലഭിക്കാൻ വൈകിയതിനു കാരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചാൽ ദീർഘ നാൾ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. പോലീസ് സ്റ്റേഷൻ, ജവാസാത്ത് തുടങ്ങിയ ആധികാരിക കേന്ദ്രങ്ങളിൽ പരാതിപ്പെടണമെന്നും അന്വേഷിക്കണമെന്നും സാമൂഹ്യപ്രവർത്തകർ പറയുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ തർഹീലിൽ നിന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പിടിക്കപ്പെടുന്നവരെ നിലവിലെ കോവിഡ് സാഹചര്യത്തിൽ റിയാദ് കേന്ദ്രീകരിച്ചു മാത്രമാണ് നാട് കടത്തുന്നത്. പ്രദീഷിനെയും ഇതനുസരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനു ജൂലായ് 12ന് റിയാദിൽ നിന്നും ദൽഹിയിലേക്ക് അയക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് തന്നെ നേരിട്ട എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രദീഷിനെ സ്വന്തം ജാമ്യത്തിൽ പുറത്തിറക്കിയ നാസ് വക്കം മലയാളം ന്യൂസിനോട് പറഞ്ഞു.
 
ഒരു കുടുംബത്തെ പോറ്റാനുള്ള സാഹചര്യം തേടിയാണ് പ്രദീഷ് വീണ്ടും പ്രവാസത്തിലെത്തിയത്. ഈയടുത്ത് സഹോദരനും നേരത്തെ അച്ഛനും നഷ്ടപ്പെട്ട പ്രദീഷിനു വൃദ്ധയായ മാതാവും ഭാര്യയും കൈകുഞ്ഞുമടങ്ങുന്നതാണ് കുടുംബം. മണമ്പൂർ പഞ്ചായത്തിൽ ആലംകോട് നെഞ്ചരിക്കോണം ഉമാ മഹേശ്വരം ക്ഷേത്ര സമീപം താമസിക്കുന്ന ഈ കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യത ഉള്ളതിനാലാണ് ഇത്രയേറെ സാഹസികമായി വീണ്ടും പ്രവാസം തെരഞ്ഞെടുത്തതും. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനും സംരക്ഷണം നൽകുന്നതിനും തയ്യാറായ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിനും മറ്റു സാമൂഹിക പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി അഡ്വ. ബി സത്യനും പ്രദീഷിന്റെ അമ്മയും  അറിയിച്ചു.
 

Latest News