ഭോപ്പാല്‍- മധ്യപ്രദേശില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 252 മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍നിന്ന് മോചനം നേടിയെന്ന് റിപ്പോര്‍ട്ട്. മഹറടക്കം ഭര്‍ത്താക്കന്മാരില്‍നിന്നുള്ള ആനുകൂല്യങ്ങളെല്ലാം വേണ്ടെന്നുവെച്ചാണ് ഇവര്‍ വിവാഹ മോചനം നേടിയതെന്ന് ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ല്‍ മുത്തലാഖ് നിയമം പ്രാബല്യത്തില്‍വന്നശേഷം സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവതികളായെന്നും ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയാണ് 252 സ്ത്രീകള്‍ വിവാഹ മോചനം നേടിയത്. മസ്ജിദ് കമ്മിറ്റിയുടെ കണ്‍സള്‍ട്ടേഷന്‍ സെന്ററില്‍ 622 കേസുകള്‍ തീര്‍പ്പു കാത്തിരിക്കയാണ്. വിവാഹ മോചനം ആവശ്യപ്പെടുന്നവര്‍ക്ക് മസ്ജിദ് കമ്മിറ്റിയാണ് കൗണ്‍സലിംഗ് നടത്തുന്നത്.
മുത്തലാഖ് നിയമം വന്ന ശേഷം സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൂടുതല്‍ ബോധവതികളായെന്ന് കൗണ്‍സലിംഗ് സെന്ററിലെ കൗണ്‍സലിംഗ് വിദഗ്ധന്‍ അഫ്താബ് അഹ് മദ് പറഞ്ഞു. ഭര്‍ത്താക്കന്മാരില്‍നിന്ന് എങ്ങനെ മോചനം നേടാമെന്ന കാര്യത്തില്‍ അഭിപ്രായം തേടിയാണ് സ്ത്രീകള്‍ കേന്ദ്രത്തെ സമീപിക്കുന്നത്. പല കേസുകളിലും വിവാഹം നടന്ന് രണ്ടോ മൂന്നോ മാസത്തിനകമാണ് വിവാഹ മോചനം നടക്കുന്നത്.
കോവിഡിനുമുമ്പ് ആറു മുതല്‍ എട്ട് വരെ സ്ത്രീകളാണ് കൗണ്‍സലിംഗിന് വന്നിരുന്നതെങ്കില്‍ കോവിഡ് ലോക്ഡൗണിനുശേഷം ചുരുങ്ങിയത് പത്ത് സ്ത്രീകളെങ്കിലും സ്ഥിരമായി എത്തുന്നു. വിവാഹ മോചന കേസുകളില്‍ പലതും പ്രണയ വിവാഹങ്ങളാണെന്നും അഫ്താബ് അഹ്്മദ് പറഞ്ഞു.